ബോട്ടില്‍ കപ്പലിടിച്ച് അപകടം: തിരച്ചില്‍ തുടരുന്നു

June 13, 2017 മറ്റുവാര്‍ത്തകള്‍

കൊച്ചി: ബോട്ടില്‍ കപ്പലിടിച്ച് അപകടം: തിരച്ചില്‍ തുടരുന്നു മത്സ്യബന്ധനത്തിനു പോയ കാര്‍മല്‍ മാതാ ബോട്ടില്‍ കപ്പലിടിച്ചതിനെത്തുടര്‍ന്ന് മരിച്ച തമിഴ്‌നാട് സ്വദേശി ആന്റണിജോണിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം. ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ രാവിലെ തന്നെ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. മൃതദേഹം ബന്ധുക്കള്‍ സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടു പോയി. മരിച്ച അസം സ്വദേശി രാഹുലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാളെ രാവിലെ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് അസമിലെത്തിക്കും.

14 പേരുണ്ടായിരുന്ന ബോട്ടിലെ 11 പേരെ രക്ഷപ്പെടുത്തി. അസം സ്വദേശി മോത്തി ദാസിനായുള്ള തിരച്ചില്‍ തുടരുകയാണ്.  നേവി, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ഹെലികോപ്റ്ററുകള്‍, മറൈന്‍ എന്‍ഫോഴസ്‌മെന്റ് വിഭാഗം തുടങ്ങിയവരെയുള്‍പ്പെടുത്തിയാണ് കാണാതായ വ്യക്തിക്കുള്ള തിരച്ചില്‍ തുടരുന്നത്. നേവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരും. നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധരെക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തും. ആംബര്‍ എല്‍ കപ്പല്‍ ബോട്ടിലിടിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ഡിജിഎസ് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്) ആരംഭിച്ചിട്ടുണ്ട്

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍