ലണ്ടനില്‍ 24 നില കെട്ടിടസമുച്ചയത്തില്‍ വന്‍അഗ്നിബാധ: 12 മരണം

June 15, 2017 പ്രധാന വാര്‍ത്തകള്‍

l-fireലണ്ടന്‍: പശ്ചിമ ലണ്ടനില്‍ 24 നിലയുള്ള പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 74 പേര്‍ക്കു പരിക്കേറ്റു. 18പേര്‍ അത്യാസന്ന നിലയിലാണ്. ലങ്കാസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റില്‍ ലറ്റിമീര്‍ റോഡിനു സമീപത്തുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 1.16 നാണു അഗ്നിബാധയുണ്ടായത്. സമുച്ചയത്തിലെ 120 ഫ്‌ളാറ്റുകളിലായി 600 പേരുണ്ടായിരുന്നു. 65പേരെ അഗ്‌നിശമന സേന രക്ഷിച്ചു.

മൂന്ന്, നാല് നിലയിലെ ഏതെങ്കിലും റഫ്രിജറേറ്ററില്‍നിന്ന് അഗ്‌നിബാധ ഉണ്ടായതാകാമെന്നാണു നിഗമനം. അതിവേഗം മുകളിലത്തെ നിലകളിലേക്കും തീപടര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യയുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കുറച്ചുദിവസം കൂടി തുടരുമെന്നും മെട്രോപൊലീറ്റന്‍ പോലീസ് കമാന്‍ഡര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞെന്നു പോലീസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

താമസക്കാരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. റംസാന്‍ നോമ്പ് ആരംഭിക്കുന്നതിനു മുമ്പുള്ള പ്രാതല്‍ കഴിക്കാന്‍ ഇവര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. അതിനാല്‍ കൂടുതല്‍ ആളുകള്‍ക്കു രക്ഷപ്പെടാന്‍ സാധിച്ചു.

കെട്ടിടത്തിന്റെ താഴത്തെ നിലകളില്‍ ഉണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുംമുന്പ് ജനല്‍വഴി ചാടി രക്ഷപ്പെട്ടു. ഒന്പതാം നിലയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ജനലിലൂടെ താഴേക്കിട്ടു പിടിച്ചാണ് അഗ്‌നിശമനസേനാംഗങ്ങള്‍ രക്ഷിച്ചതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.200 അഗ്‌നിശമന യൂണിറ്റുകളും 40 ഫയര്‍ ട്രക്കുകളും 20 ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കെട്ടിടം തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അടിയന്തരയോഗത്തിനു മുന്പ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറിന്റെ നടത്തിപ്പ് പ്രാദേശിക കൗണ്‍ലിസിനുവേണ്ടി കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി ടെനന്റ് മാനേജ്‌മെന്റ് ഓര്‍ഗനൈസേഷനാണ് നിര്‍വഹിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍