വോട്ടിന് കോഴ: പ്രധാനമന്ത്രിയുടേത് അവകാശലംഘനം

March 19, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ ബി.ജെ.പി തയാറെടുക്കുന്നു. വികിലീക്സ് വിഷയത്തില്‍ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
വോട്ടിന് കോഴ വിവാദം അന്വേഷിച്ച സമിതിക്ക് ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പ്രധാനമന്ത്രി ഇരുസഭകളിലും വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വിശദീകരണവും സമിതിയുടെ കണ്ടെത്തലുകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്‌റ്റ്‌ലി കുറ്റപ്പെടുത്തി.
അതേസമയം ലോക്‍സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കി. സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ സുഷമ സ്വരാജ് ലംഘിച്ചുവെന്ന് ആരോപിച്ചാണിത്.
അതിനിടെ ദേശീയ അന്വേഷണ എജന്‍സിയുടെ അധികാര പരിധിയെക്കുറിച്ച് സംശയമുണ്ടെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം എഫ്.ബി.ഐ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറോട് പറഞ്ഞതായി വിക്കിലീക്സ് വെളിപ്പെടുത്തി. എന്‍.ഐ.എയുടെ അധികാരം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടതായാണ് വെളിപ്പെടുത്തല്‍.
സംസ്ഥാനങ്ങളുടെ അധികാരങ്ങളിന്മേലുള്ള കടന്നുകയറ്റമായി ഇത് പരാമര്‍ശിക്കപ്പെട്ടേക്കാമെന്നും ആഭ്യന്തര മന്ത്രി റോബര്‍ട്ട് മുള്ളറോട് പറഞ്ഞിരുന്നുവെന്നും വിക്കിലീക്സ് രേഖകള്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം