മാധ്യമങ്ങള്‍ പണം വാങ്ങി വാര്‍ത്ത സൃഷ്ടിക്കുന്നു – പിണറായി

March 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ്‌ പ്രസ്താനത്തെ തകര്‍ക്കാന്‍ ചിലര്‍ പണം വാങ്ങി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ അനുകൂലമായി മാധ്യമങ്ങള്‍ നിലകൊണ്ടത്‌ പെയ്‌ഡ്‌ ന്യൂസിന്റെ ഉത്തമ ഉദാഹരണമാണെന്നും പിണറായി പറഞ്ഞു.
പതിറ്റാണ്ടുകളായി പൊതുപ്രവര്‍ത്തന രംഗത്തുള്ള കമ്മ്യൂണിസ്റ്റുകളെ അപഹസിച്ച്‌ പ്രസ്താനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസിന്റെ അഭാവത്തിന്‌ ശേഷം ആ കര്‍ത്തവ്യം നിറവേറ്റാന്‍ കൂട്ടായി ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണതോതില്‍ ആവുന്നില്ലെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. അത്‌ ഞങ്ങള്‍ക്ക്‌ തന്നെ ബോധ്യമുണ്ട്‌.
മാധ്യമങ്ങള്‍ പൂര്‍ണമായി ഒരു വിഭാഗത്തിനെതിരാവുകയും ആ വിഭാഗത്തെ അമര്‍ച്ച ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന പ്രവണതയുമാണ്‌ ഇന്ന്‌ സമൂഹത്തില്‍ കാണുന്നത്‌. ഇപ്പോള്‍ ചിലര്‍ പണം നല്‍കി മാധ്യമങ്ങളിലൂടെ എല്‍.ഡി.എഫിനെ കരിവാരിതേച്ചു കാണിക്കാന്‍ ശ്രമിക്കുകയാണ്‌. ഇങ്ങനെ പണം നല്‍കി വാര്‍ത്തകള്‍ പടച്ചു വിടുമ്പോള്‍ അതിന്റെ ഇരകളായി മാറുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളാണെന്നും പിണറായി ചൂണ്ടിക്കാട്ടി.  തിരുവനന്തപുരത്ത് ഇ.എം.എസ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ഇ.എം.എസ്‌ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ വിവിധ ഘട്ടങ്ങളില്‍ ഓര്‍ത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു. അഭിമാനത്തോടെയാണ്‌ ജനങ്ങളുടെ മുന്നില്‍ എല്‍.ഡി.എഫ്‌ നില്‍ക്കുന്നത്‌. 2006 ല്‍ അധികാരത്തിലെത്തുമ്പോള്‍ വാഗ്‌ദാനം ചെയ്‌തതിലും അധികം കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്‌തിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം