പുല്ലുമേട്ടില്‍ ദീപം തെളിയിക്കും: കുമ്മനം

March 19, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊട്ടാരക്കര: മോക്ഷഭൂമിയായ പുല്ലുമേട്ടിലേക്ക്‌ ഹൈന്ദവസമുദായ സംഘടനകളും അയ്യപ്പഭക്തരും മാര്‍ച്ച്‌ നടത്തി മോക്ഷദീപം തെളിയിക്കുമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. അതിനെ തടയാന്‍ ഒരു ഭരണകക്ഷിക്കും കഴിയില്ല. തടയാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര മണികണ്ഠനാല്‍ത്തറയില്‍ ശബരിമല രക്ഷായാത്രയ്ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോക്ഷദീപം തെളിയിക്കാന്‍ അനുമതി നിഷേധിച്ചപ്പോള്‍ തിരിഞ്ഞു നടന്നത്‌ ഭീരുത്വമായി കാണരുത്‌. ഒരടി പിന്നോട്ട്‌ വച്ചത്‌ മുന്നോട്ട്‌ ചാടാന്‍ വേണ്ടിയാണ്‌. നിലയ്ക്കലിലും ഇതേപോലെ ആദ്യം ഹൈന്ദവ സംഘടനകള്‍ക്ക്‌ പ്രവേശനം നിഷേധിച്ച സര്‍ക്കാരിന്‌ പിന്നെ എന്തു സംഭവിച്ചു എന്ന്‌ ഓര്‍മിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ധര്‍മസമരത്തില്‍ മുഴുവന്‍ ഹൈന്ദവ സംഘടനകളെയും അണിനിരത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം