ജപ്പാനില്‍ അണുവികരണ ഭീഷണി ശക്തമാകുന്നു

March 20, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ഭൂകമ്പവും സുനാമിയും നാശം വിതച്ച ജപ്പാനില്‍ ഉയര്‍ന്ന തോതില്‍ അണിവികരണ ഉണ്ടാവാനുള്ള സാധ്യതയുള്ളതായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആ‍ണവ നിലയങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഫുക്കുഷിമയിലെ ഡെയ്‌ച്ചി ആണവ നിലയത്തില്‍ എങ്ങനെയെങ്കിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് ശീതീ‍കരണ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാണ് സാങ്കേതിക വിദഗ്ദ്ധരുടെ കഠിന പരിശ്രമം. ഒന്നാമത്തെയും രണ്ടാമത്തെയും റിയാക്ടറുകളില്‍ ഇന്ന് വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നും, നാലും റിയാക്ടറുകളിലെ വൈദ്യുതി ബന്ധം നാളെ പുനസ്ഥാപിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ ശീതീകരണ സംവിധാനം പൂര്‍ണ്ണമായും നശിച്ചിട്ടുണ്ടെങ്കില്‍ വൈദ്യുതി പുനസ്ഥാപിച്ചാല്‍ കാര്യമായ പ്രയോജനം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കടുത്ത അണുവികരണവും പ്രതികൂല കാലാവസ്ഥയും കാരണം പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. നാലാമത്തെ റിയാക്ടറിലെ ഇന്ധനദണ്ഡുകള്‍ക്ക് ദ്രവീകണം സംഭവിച്ചതായുള്ള സൂചനകളു പുറത്തുവന്നു തുടങ്ങി. ഇതോടെ മുന്‍‌കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍