ശബരിമല ഉത്സവത്തിന് കൊടിയേറി

June 28, 2017 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: ശബരിമല ഉല്‍സവത്തിന് സന്നിധാനത്ത് കൊടിയേറി. രാവിലെ 9.15നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റി. പുതിയ സ്വര്‍ണകൊടിമരം സ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ ഉല്‍സവമാണിത്. മേല്‍ശാന്തി ടി. എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മ്മികനായി.

മണ്ഡപത്തില്‍ പൂജിച്ച കൊടിക്കൂറ തന്ത്രി ശ്രീകോവിലില്‍ കൊണ്ടുപോയി ഭഗവാന് മുന്നില്‍ പൂജിച്ച ശേഷം പാണികൊട്ടി പുറത്തേക്ക് എഴുന്നെള്ളിച്ചു.  കൊടിമരച്ചുവട്ടില്‍ പൂജ നടത്തി. തുടര്‍ന്ന് കൊടിയേറ്റി. ദീപാരാധനയോടെ ചടങ്ങ് പൂര്‍ത്തിയായി.

ജൂലായ് ഏഴിന് രാവിലെ 11ന് പമ്പയില്‍ ആറാട്ട് നടക്കും. സന്ധ്യയ്ക്ക് തിരിച്ചെഴുന്നെള്ളത്ത്. കൊടിയിറക്കി രാത്രി 10ന് നട അടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍