ശബരിമല ഉത്സവത്തിന് കൊടിയിറങ്ങി

March 20, 2011 കേരളം

ശബരിമല:ശരണാരവങ്ങളോടെ അയ്യപ്പന് പമ്പയില്‍ ആറാട്ട് നടന്നു. ശനിയാഴ്ച ഉഷഃപൂജയ്ക്കുശേഷം ആറാട്ടു പുറപ്പാടിന് ഒരുക്കം തുടങ്ങി. തന്ത്രി കണ്ഠര്‌രാജീവരുടെ കാര്‍മ്മികത്വത്തില്‍ അയ്യപ്പവിഗ്രഹത്തിലെ ചൈതന്യം ശ്രീബലിബിംബത്തിലേക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചു. ആറാട്ടുബലി തൂകി പ്രദക്ഷിണമായി കൊടിമരച്ചുവട്ടില്‍ എത്തി. തന്ത്രിയും മേല്‍ശാന്തി ഏഴിക്കാട്ടു ശശി നമ്പൂതിരിയും ചേര്‍ന്ന് തിടമ്പുമായി പതിനെട്ടാംപടിയിറങ്ങി. തുടര്‍ന്ന് ആനപ്പുറത്ത് പമ്പയിലേക്ക് ആറാട്ടുഘോഷയാത്ര നടന്നു.
ആറാട്ടുകടവില്‍ പദ്മമിട്ട് ശ്രീബലിബിംബം പീഠത്തിലിരുത്തി തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ ആറാട്ടുപൂജ നടത്തി. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് വിഗ്രഹവുമായി ആറാട്ടുകടവില്‍ മുങ്ങി നീരാജനം ഉഴിഞ്ഞു. പിന്നീട് നെയ്യ്, എണ്ണ, തേന്‍, കരിക്കിന്‍വെള്ളം, പനിനീര്, ജലം, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ട് അഭിഷേകം ചെയ്തു. വിഗ്രഹവുമായി വീണ്ടും ആറാടി. പൂജകള്‍ പൂര്‍ത്തിയാക്കി ദീപാരാധനയും നടത്തി.
പാണികൊട്ടി പമ്പാഗണപതി കോവിലിലേക്ക് തിരിച്ച് എഴുന്നള്ളിച്ചു. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ എഴുന്നള്ളിച്ചിരുത്തി. ഇവിടെ പറവഴിപാടുകള്‍ ഉണ്ടായിരുന്നു. വൈകീട്ട് നാലു മണിയോടെ പമ്പാഗണപതിക്ഷേത്രത്തില്‍ നിന്ന് തിരിച്ചെഴുന്നള്ളത്ത് തുടങ്ങി. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ പൂജ നടത്തി. കൊടിക്കൂറയിലെ ദേവചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിച്ച് കൊടിയിറക്കിയശേഷം അകത്തേക്ക് എഴുന്നള്ളിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം