വിക്കിലീക്‌സ് വെളിപ്പെടുത്തല്‍: ഇരുസഭകളിലും ബഹളം

March 22, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ നല്‍കിയെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തലില്‍ പശ്ചാത്തലത്തിലാണ് സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
ബഹളത്തെ തുടര്‍ന്ന് രാജ്യസഭ അല്‍പ്പനേരം നിര്‍ത്തിവെച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കി. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സുഷമ സ്വരാജ്, സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ശരദ് യാദവ് എന്നിവര്‍ സംസാരിച്ചു. അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ വിഷയം പരിഗണിക്കാമെന്ന് സ്​പീക്കര്‍ അറിയിച്ചു.
ധനബില്‍ പാസാക്കിയതിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി പവന്‍കുമാര്‍ ബന്‍സാലും പ്രണബ് മുഖര്‍ജിയും മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 2.00 വരെ ഇരുസഭകളും നിര്‍ത്തിവെക്കുന്നതായി സ്​പീക്കര്‍ പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം സഭ ചേര്‍ന്നെങ്കിലും ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം