ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ കഴിയില്ല: അത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

July 29, 2017 ദേശീയം

ന്യൂഡല്‍ഹി: ലോക ചാന്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന് അത് ലറ്റിക്  ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ സാധിക്കില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധിയെന്നും അത് ലറ്റിക്  ഫെഡറേഷന്‍ അറിയിച്ചു.

തിങ്കളാഴ്ച അത് ലറ്റിക്  ഫെഡറേഷന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക ചാന്പ്യന്‍ഷിപ്പിനുള്ള അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 അവസാനിച്ചിരുന്നു. ചിത്രയ്ക്കു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഏകമാര്‍ഗം വൈല്‍ഡ് കാര്‍ഡ് എന്ററി മാത്രമായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള സാധ്യതയും മങ്ങിയെന്നാണ് സൂചന. 14 ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനില്‍ നടക്കുന്ന ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

അതേസമയം പി.യു. ചിത്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അത് ലറ്റിക്  ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണെന്നു ഏഷ്യന്‍ അത് ലറ്റിക്  അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും ഏഷ്യന്‍ അത് ലറ്റിക് അസോസിയേഷന്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം