സംസ്ഥാന സ്‌കൂള്‍ കായിക മേള: സ്വാഗത സംഘം രൂപീകരിച്ചു

August 1, 2017 കായികം

കോട്ടയം: പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒക്‌ടോബര്‍ 13 മുതല്‍ 16 വരെ നടക്കുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സുഗമമായ നടത്തിപ്പിന് കെ.എം.മാണി എം.എല്‍.എ അദ്ധ്യക്ഷനായ സ്വാഗത സംഘം രൂപീകരിച്ചു. ജോയി എബ്രഹാം എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ എന്നിവര്‍ ഉപാദ്ധ്യക്ഷന്‍മാരാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി മോഹന്‍ കുമാര്‍ എക്‌സ് ഒഫിഷ്യോ പ്രസിഡന്റും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. പി പ്രകാശ്, വി.എച്ച്.എസ്.ഇ ഡയറക്ടര്‍ പ്രൊഫ. എ. ഫാറൂക്ക് എന്നിവര്‍ വൈസ് പ്രസിഡന്റുമാരുമാണ്. കോട്ടയം പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. കെ അരവിന്ദാക്ഷനാണ് ജനറല്‍ കണ്‍വീനര്‍. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എമാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ സംഘാടക സമിതിയുടെ രക്ഷാധികാരികളാണ്.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 19 ഉപസമിതികളും രൂപീകരിച്ചു. ജില്ലയിലെ വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും പാലാ നഗരസഭയിലെ കൗണ്‍സിലര്‍മാരും ജില്ലാ പഞ്ചായത്തംഗങ്ങളും ഉപസമിതി ചെയര്‍മാന്‍മാരാണ്. വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികളാണ് കണ്‍വീനര്‍മാര്‍. സ്വാഗത സംഘം രൂപീകരണ യോഗം കെ.എം.മാണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം.പി അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ മോന്‍സ് ജോസഫ്, പി. സി. ജോര്‍ജ്ജ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, സ്ഥിരം സമിതി അദ്ധ്യക്ഷ ബെറ്റി റോയി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് ജോയിന്റ് ഡയറക്ടര്‍ ചാക്കോ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. പൊതു വിദ്യാഭ്യാസ അഡീ. ഡയറക്ടര്‍ ജിമ്മി കെ. ജോസ് സ്വാഗത സംഘം രൂപീകരണ കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹനകുമാര്‍ സ്വാഗതവും കോട്ടയം പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു. 95 ഇനങ്ങളിലായി 3000 കായികതാരങ്ങളും 305 ഒഫിഷ്യലുകളുമാണ് മേളയില്‍ പങ്കെടുക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം