നെഹ്‌റു ട്രോഫി വള്ളംകളി വെബ്‌സൈറ്റിന് പുതിയമുഖം

August 7, 2017 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ വെബ്‌സൈറ്റ് കൂടുതല്‍ മനോഹരമാക്കി പുനര്‍ രൂപകല്‍പന ചെയ്തു. വെബ്‌സൈറ്റിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ നിര്‍വഹിച്ചു. ജനുവരി മുതല്‍ കഴിഞ്ഞ വ്യാഴാഴ്ച വരെ 6,39,772 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.

വിവിധ രാജ്യങ്ങളില്‍നിന്ന് വെബ്‌സൈറ്റ് സന്ദര്‍ശിച്ചവരുടെ കണക്കില്‍ അമേരിക്ക ഇന്ത്യയെ കടത്തിവെട്ടി. അമേരിക്കയില്‍നിന്ന് 28,285 പേര്‍ സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയില്‍നിന്ന് 16,173 പേരാണ് സന്ദര്‍ശിച്ചത്. ജൂലൈയില്‍ 2,42,813 പേരും ഓഗസ്റ്റില്‍ നാലുദിവസം കൊണ്ട് 73,329 പേരും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പരതി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ പരിപാലിക്കുന്ന വെബ്‌സൈറ്റ് മലയാളം, ഹിന്ദി, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നെഹ്‌റു ട്രോഫി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് അടക്കം എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. നെഹ്‌റു ട്രോഫിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോ, വാര്‍ത്തകള്‍, ഓഡിയോ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കാഴ്ചവൈകല്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ വിവിധ ലിങ്കുകളിലേക്ക് പോകാന്‍ കേള്‍ക്കുന്നതിനായി സ്‌ക്രീന്‍ റീഡര്‍ ആക്‌സസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. നെഹ്‌റു ട്രോഫി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. 1655 പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റ് വിലാസം: www.nehrturophy.nic.in

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍