ജാട്ട് സംവരണ സമിതി പ്രക്ഷോഭം പിന്‍വലിച്ചു

March 26, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഹിസാര്‍(ഹരിയാന): കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കുന്നതിന് ഒ.ബി.സി.വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിവന്ന പ്രക്ഷോഭം പിന്‍വലിച്ചു. വെള്ളിയാഴ്ച രാത്രി വൈകി മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രക്ഷോഭം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജാട്ട് സംവരണ സമിതിയുടെ ആവശ്യം പരിഗണിക്കാന്‍ ഒരു മാസത്തിനകം ഹരിയാണ പിന്നാക്ക വിഭാഗ കമ്മീഷന്‍ രൂപവല്‍ക്കരിക്കാമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ തീവണ്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തിയിരുന്നു. ഒട്ടേറെ തീവണ്ടികള്‍ ഉത്തര റെയില്‍വേ റദ്ദാക്കുകുയും ചെയ്തു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് ജാട്ട് നേതാക്കള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം