ഡോ. പി.കെ.ആര്‍ വാര്യര്‍ അന്തരിച്ചു

March 26, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ഡോ.പി.കെ.ആര്‍ വാര്യര്‍

തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ ആദ്യ മേധാവിയായിരുന്ന ഡോ.പി.കെ.ആര്‍ വാര്യര്‍(90)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയിലായിരുന്നു അന്ത്യം.
1921 ആഗസ്ത് 13ന് ജനിച്ച വാര്യര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. വിദ്യാഭ്യാസ കാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. 1960ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഫെല്ലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെത്തിയ അദ്ദേഹം ബര്‍മിങ്ഹാം ക്യൂന്‍ എലിസബത്ത് ആസ്​പത്രിയില്‍നിന്ന് ഹൃദയ ശസ്ത്രക്രിയയില്‍ പരിശീലനം നേടി. തിരിച്ചെത്തിയശേഷം ദക്ഷിണേന്ത്യയിലെ വിവിധ ആസ്​പത്രികളില്‍ പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. വാര്യരാണ് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയ വിഭാഗം തുടങ്ങിയത്. 1977ല്‍ മെഡിക്കല്‍ കോളേജില്‍നിന്ന് പെന്‍ഷനായി. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ കേരളാ ചാപ്റ്ററിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇ.എം.സ് നമ്പൂതിരിപ്പാട് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി വാര്യര്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആത്മകഥയായ ‘അനുഭവങ്ങള്‍ അനുഭാവങ്ങള്‍’ ക്ക് കഴിഞ്ഞവര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെയും ഡോ.കെ.പി നായര്‍ ഫൗണ്ടേഷന്റെയും ആജീവനാന്ത സേവനത്തിനുള്ള പുരസ്‌കാരം, ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം