ആറന്മുള ഉതൃട്ടാതി ജലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

August 11, 2017 കേരളം

തിരുവനന്തപുരം: ആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന്‍ പിളള അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, മാത്യു ടി.തോമസ്, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, കേന്ദ്രമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പള്ളിയോട സേവാസംഘം പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജലമേളയ്ക്ക് മുന്‍വര്‍ഷത്തെപ്പോലെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

പമ്പാനദിയില്‍ പലയിടത്തും മണ്‍പുറ്റുകളും ചുഴികളും അപകടം വിതയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡ്രജര്‍ ഉപയോഗിച്ച് മണ്‍പുറ്റ് നീക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിവരുന്നു. ഇറിഗേഷന്‍ വകുപ്പ് നേരിട്ടാണ് പ്രവര്‍ത്തികള്‍ ചെയ്ത് വരുന്നത്. എല്ലാ പള്ളിയോടങ്ങളിലും ലൈഫ് ബോയ് സുരക്ഷാ സംവിധാനങ്ങളും വായു നിറച്ച റബ്ബര്‍ ട്യൂബുകളും ഏര്‍പ്പെടുത്തും. വരട്ടാര്‍ ആദിപമ്പ പുനരുജ്ജീവനത്തിന് പള്ളിയോട സേവാസംഘം അന്‍പതിനായിരം രൂപയുടെ ചെക്ക് മന്ത്രി മാത്യു ടി തോമസിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ കൈമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം