നായയുടെ കടിയേറ്റവര്‍ക്കുള്ള കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

August 18, 2017 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നായകടിയേറ്റവര്‍ക്കുള്ള കൗണ്‍സിലിംഗും ബോധവല്‍ക്കരണവും ലഭ്യമാകുന്ന മാതൃകാ ജില്ലയായി തിരുവനന്തപുരത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, വര്‍ക്കല എന്നിവടങ്ങളിലാണ് കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാവുക. കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് 2017 ഓഗസ്റ്റ് 7ന് പുറത്തിറക്കിയ ഉത്തരവോടെയാണ് ഈ കേന്ദ്രങ്ങള്‍ നിലവില്‍ വന്നത്. കുടുംബാസൂത്രണം മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ക്കായി മാത്രമാണ് ഇതുവരെ കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. നായകളുടെ അടിസ്ഥാന പെരുമാറ്റം, ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, ചികിത്സ, മാനസിക സഹായം എന്നിവയെകുറിച്ച് ഇരകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും രോഗാവസ്ഥ നിരന്തരം നിരീക്ഷിക്കുന്നതിനും ഇവിടെ സംവിധാനമുണ്ടാകും.

നായകടിയേറ്റതിനു ശേഷം കൗണ്‍സിലിംഗ് നല്‍കുന്നതിനു മാത്രമല്ല, നായകടി സംഭവങ്ങള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വിദ്യാഭ്യാസവകുപ്പ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തി പരിപാടി മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ (Fiapo) സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍