കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ നേരിടാന്‍ ഇനി സന്ധിയില്ലാത്ത യുദ്ധം: കൈലാസ് സത്യാര്‍ത്ഥി

September 12, 2017 കേരളം

തിരുവനന്തപുരം: രാജ്യത്ത് കുട്ടികള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് നോബല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥി പറഞ്ഞു. സുരക്ഷിതമായ കുട്ടിക്കാലം, സുരക്ഷിത ഭാരതം എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാരതയാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് ടാഗോര്‍തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സത്യാര്‍ത്ഥി.

അഹിംസ എന്നത് ഹിംസക്കെതിരായ യുദ്ധമാണ്. ഈ തത്ത്വം ഉള്‍ക്കൊണ്ടു കൊണ്ട് അഹിംസയില്‍ അധിഷ്ഠിതമായ യുദ്ധം കുട്ടികള്‍ക്കെതിരായ ഹിംസക്കെതിരെ തുടങ്ങുകയാണ്. ബാലവേല, ലൈംഗിക ചൂഷണം തുടങ്ങി മാനസികമായും ശാരീരികമായും കുട്ടികളെ തളര്‍ത്തുന്ന തിന്മകള്‍ ഇന്ന് സഹിക്കാവുന്നതിലും അധികമായിരിക്കുന്നു. ഇത് മറച്ചു വയ്ക്കുന്നത് കൂടുതല്‍ അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കും. തുടക്കത്തില്‍ ഫലം കാണുക അസാധ്യമെന്ന് തോന്നുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നീട് വലിയ ഫലം കാണാന്‍ കഴിയുമെന്ന് തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ ഉദാഹരിച്ചുകൊണ്ട് സത്യാര്‍ത്ഥി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

താരതമ്യേന കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരായാണ് വളരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളോട് ഒരുതരത്തിലും സഹിഷ്ണുത കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാം, ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭ കോശി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് സത്യാര്‍ത്ഥി മറുപടി പറഞ്ഞു.

എം.ബി.എസ്. ക്വയറിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സത്യാര്‍ത്ഥി ഫൗണ്ടേഷന്‍ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ 120 കുട്ടികള്‍ ഭാരത് യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. 22 സംസ്ഥാനങ്ങളിലൂടെ 11,000 കിലോ മീറ്ററുകള്‍ സഞ്ചരിച്ച് ഒക്ടോബറില്‍ ഭാരത് യാത്ര സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം