ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍: സെപ്റ്റംബര്‍ 27ന് ഏവര്‍ക്കും ഗോളടിക്കാം

September 16, 2017 കായികം

കോട്ടയം: ഇന്ത്യയില്‍ 2017 ഒക്‌ടോബര്‍ ആറ് മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രചരാണാര്‍ത്ഥം കേരളത്തില്‍ ഒരു മില്യണ്‍ ഗോളുകള്‍ അടിക്കും. സെപ്റ്റംബര്‍ 27 വൈകിട്ട് മൂന്ന് മുതല്‍ ഏഴുമണി വരെയാണ് ഗോളടിക്കാനുളള സമയം. പ്രായപരിധിയില്ലാതെ ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

കേരളത്തിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഇതേ ദിവസം ഗോളടിക്കാന്‍ സൗകര്യം ഒരുക്കും. ഒരു മില്യണ്‍ ഗോളടിക്കുന്നതിന് ഓരോ ഗ്രാമ പഞ്ചായത്തുകളില്‍ 2000, മുനിസിപ്പാലിറ്റികളില്‍ 10,000, കോര്‍പ്പറേഷനുകളില്‍ 15,000 ഗോളുകള്‍ വീതമാണ് അടിക്കുക. പൊതുജന പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഗോള്‍ പോസ്റ്റ് സ്ഥാപിക്കാന്‍ സൗകര്യമുളള സ്ഥലങ്ങളൊക്കെ ഇതിനായി ഉപയോഗിക്കാം. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അനുവദിക്കൂ. ഗോള്‍ കീപ്പര്‍ ഉണ്ടായിരിക്കുന്നതല്ല. പെനാല്‍റ്റി സ്‌പോട്ടില്‍ നിന്നാണ് കിക്കുകള്‍ എടുക്കേണ്ടത്. സെപ്റ്റംബര്‍ 15നകം സെന്ററുകളുടേയും വോളന്റിയര്‍മാരുടെയും രജിസ്‌ട്രേഷന്‍ നടത്തണം. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഒരോ സെന്ററിലും ഓരോ മിനിറ്റിലും നാലു ഗോളുകളെങ്കിലും സ്‌കോര്‍ ചെയ്യണം. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍/കോളേജ് എന്നിവയ്ക്ക് സമ്മാനം നല്‍കും. ഗോള്‍ പോസ്റ്ററുകള്‍ സജ്ജീകരിക്കുന്ന സെന്ററുകള്‍ സെപ്റ്റംബര്‍ 15നകം അതത് നോഡല്‍ ഓഫീസര്‍ മുഖേന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയെ അറിയിക്കണം. ഓരോ ജില്ലയില്‍ നിന്നും വണ്‍ മില്യണ്‍ ഗോള്‍ കാമ്പയനില്‍ പങ്കെടുത്ത് ഗോള്‍ അടിക്കുന്നവരില്‍ നിന്നും നറുക്കെടപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ട് പേര്‍ക്ക് വീതം ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിലെ കൊച്ചിയില്‍ നടക്കുന്ന ഓരോ മത്സരം കാണാനുളള അവസരം നല്‍കും.

ഗോളുകള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇതിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ജെ. ജി പാലയ്ക്കലോടി പരിപാടി വിശദീകരിച്ചു. എ.ഡി.എം കെ. രാജന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സ്മിത, വിവിധ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ യൂത്ത് ക്ലബ് ഭാരവാഹികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം