സര്‍ക്കാര്‍ കൃഷിക്കാരോടൊപ്പം : മന്ത്രി വി. എസ് സുനില്‍ കുമാര്‍

September 16, 2017 കേരളം

കോട്ടയം: സര്‍ക്കാര്‍ കൃഷിക്കാരോടൊപ്പമാണെന്നും കൃഷിക്കാര്‍ക്കെതിരെ കേസു നടത്തുക സര്‍ക്കാരിന്റെ നയമല്ലെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. വൈക്കംവെച്ചൂര്‍ പുത്തന്‍കായല്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെച്ചൂര്‍ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായ വെച്ചൂര്‍ പുത്തന്‍കായല്‍ തുരുത്തിലെ ചെറുകിട കൃഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് സി. കെ ആശ എം.എല്‍.എയ്ക്ക് ലഭിച്ച പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം പുത്തന്‍ കായല്‍ സന്ദര്‍ശിച്ചത്. ഒരു പ്രദേശത്തെ കൃഷി മുഴുവന്‍ നശിപ്പിക്കുന്ന രീതിയിലും കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുമുളള നയമല്ല സര്‍ക്കാരിന്റേത്. പുത്തന്‍കായല്‍ തുരുത്തിലെ വൈദ്യുതി പ്രശ്‌നം സംബന്ധിച്ചും വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കുന്നതു സംബന്ധിച്ച വകുപ്പുതല തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

30-50 വര്‍ഷത്തിലേറെ പഴക്കമുളള തെങ്ങും വൃക്ഷങ്ങളും ഉളള പ്രദേശമാണിതെന്ന് ഡേറ്റാ ബാങ്ക് തന്നെ വ്യക്തമാക്കുന്നതായി മന്ത്രി സൂചിപ്പിച്ചു. സമുദ്രനിരപ്പിന് താഴെയുളള പ്രദേശമായതിനാല്‍ വിള ഇന്‍ഷുറന്‍സ് ചെയ്യുന്നതിന് നിയമപരമായുളള തടസ്സങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാനും മന്ത്രി പറഞ്ഞു. കൃഷി ലാഭകരമല്ല എന്ന മുന്‍ റിപ്പോര്‍ട്ട് പുന: പരിശോധിക്കാന്‍ പ്രദേശം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഈ പ്രദേശത്ത് തന്നെ നല്ല രീതിയില്‍ കൃഷി നടത്തുന്ന ഭൂമിയും മന്ത്രി സന്ദര്‍ശിച്ച് നിജസ്ഥിതി നേരില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമ കുരുക്കുകളും തടസ്സങ്ങളും സാധാരണക്കാരായ കര്‍ഷകരെയാണ് ബാധിച്ചിട്ടുളളതെന്നും സ്വന്തമായി പണം മുടക്കി വെള്ളം പമ്പ് ചെയ്ത് കൃഷി ചെയ്തിട്ടുളള വലിയ കര്‍ഷകരെ ഇത് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുത്തന്‍കായല്‍ പഞ്ചായത്തിലെ ആറാം ബ്ലോക്കും ആര്‍പ്പൂക്കര പഞ്ചായത്തിലെ രണ്ടാം ബ്ലോക്കുമാണ് മന്ത്രി സന്ദര്‍ശിച്ചത്. കൈപ്പുഴ വെച്ചൂര്‍ കായല്‍ കൃഷി സഹകരണ സംഘം നല്‍കിയ പരാതിയിന്‍മേലാണ് മന്ത്രി ഇവിടം സന്ദര്‍ശിച്ചത്.

തുരുത്തിനെ ആറ് ബ്ലോക്കുകളായി തിരിച്ച് സ്ഥാപിച്ചിട്ടുളള ഏഴ് മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്താണ് ഇവിടെ കൃഷി യോഗ്യമാക്കിയിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളില്‍ പെട്ട് കൃഷി വകുപ്പ് വൈദ്യുതി കുടിശ്ശിക അടയ്ക്കാതായതിനെ തുടര്‍ന്ന് പല കര്‍ഷകരും കൃഷി ചെയ്യാതായി. നെല്‍കൃഷി ചെയ്യുന്ന പ്രദേശമല്ലാത്തതിനാല്‍ കൃഷി വകുപ്പിന് ഈ ബാദ്ധ്യത ഏറ്റെടുക്കാനാവില്ലെന്ന മുന്‍കാല റിപ്പോര്‍ട്ടാണ് പ്രധാന തടസ്സം. ഇത് സംബന്ധിച്ച് കോടതിയില്‍ കേസും നിലനില്‍ക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം