ഓസോണ്‍ പാളി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം: മന്ത്രി കെ. രാജു

September 18, 2017 കേരളം

തിരുവനന്തപുരം: ഓസോണ്‍ പാളി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കേണ്ടതുണ്ടെന്ന് വനം വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സമൂഹത്തിലെ ഭൂരിപക്ഷം പേര്‍ക്കും ഓസോണ്‍ പാളികള്‍ക്ക് സംഭവിക്കുന്ന ശോഷണത്തെക്കുറിച്ചോ അതിനുപിന്നിലുള്ള അപകടങ്ങളെക്കുറിച്ചോ അറിയില്ല. ഗുരുതരമായ പ്രശ്‌നമായതിനാലാണ് ഐക്യരാഷ്ട്രസഭ ഓസോണ്‍ ദിനം ആചരിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോക ഓസോണ്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വനവിസ്തൃതി കുറഞ്ഞത് പ്രതികൂല സ്ഥിതി സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നതും വനനശീകരണം നടത്തുന്നതും ജലം മലിനപ്പെടുത്തുന്നതും മനുഷ്യരാണ്. ഇങ്ങനെ പോയാല്‍ താപനില വര്‍ദ്ധിക്കുകയും വനങ്ങള്‍ നശിക്കുകയും മനുഷ്യ ജീവിതം ദുസഹമാവുകയും ചെയ്യും. ഓസോണ്‍ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂമിത്രസേന ക്‌ളബുകള്‍ക്കും പരിസ്ഥിതി മേഖലയില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തി, സംഘടന എന്നിവയ്ക്കുമുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.

വി. എസ്. ശിവകുമാര്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍ പത്മ മൊഹന്തി, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം ഡയറക്ടര്‍ ജോര്‍ജ് ചാക്കച്ചേരി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പി. കലൈഅരസന്‍, ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം