ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

September 19, 2017 കേരളം

കൊച്ചി: അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസം തന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. അഡ്വ.രാമന്‍പിള്ള മുഖാന്തരമാണ് ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്കിയത്.

ഉച്ചയ്ക്ക് 1.45 നാകും ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുക. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാകും ഹര്‍ജി പരിഗണിക്കുക. 35 പേജുകളുള്ള ജാമ്യഹര്‍ജിയാണ് ദിലീപിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്നത്. സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

നേരത്തെ രണ്ട് തവണ അങ്കമാലി മജിസട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട്.

എന്നാല്‍ അതിന് മുന്‌പേ അന്വേഷണസംഘം കുറ്റപത്രം സമര്പ്പിച്ചാല് ദിലീപ് വീണ്ടും ജയിലില്‍ തുടരേണ്ടി വരും. പിന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ.

നടിയെ ആക്രമിച്ചകേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ഇതിനോടകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

കൃത്യത്തിന്റെ ഗൂഢാലോചനയും ആസൂത്രണവും സംബന്ധിച്ച കാര്യങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ ആക്രമണം ആസൂത്രണം ചെയ്തയാളാണ് ദിലീപ് എന്ന് പറയുന്ന പോലീസ് ഇതില്‍ മറ്റുള്ളവര്‍ക്കുള്ള പങ്കാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ദിലീപിനെ കൂടാതെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരും ആസൂത്രണത്തില്‍ പങ്കാളികളായിരുന്നുവരും ആരൊക്കെയാണ് എന്നകാര്യമാണ് ഇനി അറിയേണ്ടത്. നിര്ണായകമായ കേസില്‍ മാപ്പുസാക്ഷികളായി ആരെങ്കിലും രംഗത്തു വരുമോ എന്ന കാര്യത്തിലും ആകാംക്ഷ നിലനില്ക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം