ഒബ്‌സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്‌സ് പുതുക്കി പണിയും

September 21, 2017 കേരളം

തിരുവനന്തപുരം: 73 കോടി രൂപ ചെലവില്‍ ഒബ്‌സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്‌സ് പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഒബ്‌സര്‍വേറ്ററി ഗവ. ക്വാര്‍ട്ടേഴ്‌സിലെ വൈജ്ഞാനിക കായികകേന്ദ്രം ഉദ്ഘാടനവും ഓണംഈദ് സുഹൃദ്‌സംഗമവും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ പഴക്കമുള്ളതാണ് ഇപ്പോഴുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ പലതും. കാലോചിതമായി സംരക്ഷിക്കാനും പുതുക്കിപ്പണിയാനും കഴിയാത്തതിനാല്‍ പലയിടത്തും താമസയോഗ്യമല്ല. പുതിയ ക്വാര്‍ട്ടേഴ്‌സിന്റെ രൂപരേഖ തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. 11 നിലകളിലായി മൂന്നു ബെഡ്‌റൂമുകളുള്ള 80 ഫ്‌ളാറ്റുകളും രണ്ടു ബെഡ്‌റൂമുകളുള്ള 80 ഫ്‌ളാറ്റുകളുമടക്കം 160 ഫ്‌ളാറ്റുകള്‍ അടങ്ങുന്നതാണ് പുതിയ സമുച്ചയം. തലസ്ഥാനത്തെ നാലിലൊന്ന് ഉദ്യോഗസ്ഥരുടെ ആവശ്യത്തിനുപോലും ഇത് തികയില്ല. എങ്കിലും എല്ലാവരുടേയും ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സംസ്ഥാനത്തിന്റെ സമ്പൂര്‍ണ വികസനം സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ ഹൈദ്രു ഇ.കെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ജാസ്മിന്‍, ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍, സിനിമാസീരിയല്‍ നടന്‍ ജോബി, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റോയിച്ചന്‍ തോമസ്, സെക്രട്ടറി മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം