വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കണം: വിദ്യാഭ്യാസമന്ത്രി

September 21, 2017 കേരളം

തിരുവനന്തപുരം: വായനയിലൂടെ പ്രതിരോധം വളര്‍ത്തിയെടുക്കാനാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കേരള സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലെ ആധുനികവത്കരണത്തിന്റെ ഭാഗമായുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ്, ഇ മെയില്‍, എസ്.എം.എസ് സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിശാബോധമുള്ള വായനയിലൂടെ പുസ്തകത്തിന്റെ ആഴത്തിലിറങ്ങിച്ചെന്ന് എഴുത്തുകാരന്റെ ഉദ്ദേശ്യം തിരിച്ചറിയാനാകണം. നിഷ്‌കളങ്കമായി വായിക്കുകയാണെങ്കില്‍ പുസ്തകം എഴുതിയ ആളിന്റെ താത്പര്യം നമ്മുടേതായി മാറും. അതുകൊണ്ട് വായനക്ക് രാഷ്ട്രീയം ഉണ്ടായാലേ ആശയങ്ങള്‍ തിരിച്ചറിഞ്ഞ് ചെറുത്ത് നില്‍പ്പ് സാധ്യമാകൂ. സാങ്കേതികവിദ്യ വളരുന്നതനുസരിച്ച് പുസ്തകങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിക്കണം. വായനയുടെ പുതിയ ലോകത്തേക്ക് കൂടുതല്‍പേരെ കൂട്ടിക്കൊണ്ടുവരേണ്ട ചുമതല നമുക്കെല്ലാമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ സ്‌റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന അധ്യക്ഷത വഹിച്ചു. ലൈബ്രറി ഉപദേശക സമിതിയംഗം ഡോ. ജോര്‍ജ് ഓണക്കൂര്‍, യൂണിവേഴ്‌സിറ്റി ലൈബ്രറി സയന്‍സ് വകുപ്പ് മുന്‍ മേധാവി ഡോ. ഹുമയൂണ്‍ കബീര്‍, ഡെപ്യൂട്ടി സ്‌റ്റേറ്റ് ലൈബ്രേറിയന്‍ എം.ബി. ഗംഗാപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മൊബൈല്‍ എസ്.എം.എസിലൂടെയും ഇലക്ട്രോണിക് മെയിലുകളിലൂടെയും പുസ്തക വിതരണം, പുസ്തക റിസര്‍വേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ അംഗങ്ങളെ അറിയിക്കുന്ന പുതിയ സേവനങ്ങളാണ് ആരംഭിച്ചത്. ഇന്ത്യയിലാദ്യമായി ലൈബ്രറി പ്രോഗ്രാമുകള്‍ ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡ് വഴി പൊതുജനങ്ങളെ അറിയിക്കുന്നതും സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം