നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

September 21, 2017 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി വികസന അജണ്ട സൃഷ്ടിക്കുന്നതില്‍ പൊതു സമവായമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ മാധ്യമ അവാര്‍ഡുകളുടെ വിതരണത്തിന്റെയും പ്രഭാഷണ പരിപാടിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യസംവിധാനത്തെ പുഷ്ടിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും മാധ്യമങ്ങളുടെ ഇടപെടലുണ്ട്. അഭിപ്രായരൂപീകരണത്തിലും ജനാധിപത്യത്തിലും ഇടപെടാന്‍ കഴിയുന്ന ശക്തിയായി മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഷ്ട്രീയകക്ഷികള്‍ക്കുള്ളതുപോലെ ഉത്തരവാദിത്വങ്ങളും ബാധ്യതയും മാധ്യമങ്ങള്‍ക്കുമുണ്ട്. ആ ഉത്തരവാദിത്വം വേണ്ടരീതിയില്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന വേണം. ദൃശ്യമാധ്യമങ്ങള്‍ക്കുള്ളതുപോലെ പത്രങ്ങള്‍ക്കും കാഴ്ചകളിലൂടെ സ്വാധീനിക്കാകും. ഈ ശക്തി നേരായ ദിശയില്‍ വിനിയോഗിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. നമ്മുടെ നാടിന് നഷ്ടപ്പെട്ട വികസന അവസരങ്ങളില്‍ ഇനിയെന്ത് ചെയ്യാനാകുമെന്ന പൊതുസമവായം സൃഷ്ടിക്കുന്നതില്‍ മാധ്യമസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

വി.പി. നിസാര്‍ (മംഗളം), സി. അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്), എ.എസ്. ഉല്ലാസ് കുമാര്‍ (മലയാള മനോരമ), ജെയ്‌സണ്‍ മണിയങ്ങാട് (ഏഷ്യാനെറ്റ് ന്യൂസ്), സി.പി. ശ്രീഹര്‍ഷന്‍ (കേരളകൗമുദി), സീജി ജി.എസ് (മാതൃഭൂമി ന്യൂസ്), അനൂപ് കെ.എസ് (മനോരമ ന്യൂസ്) എന്നിവര്‍ വിവിധ മാധ്യമ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സ്പീക്കര്‍ നിര്‍വഹിച്ചു. മുഹമ്മദ് ഷെമീം എച്ച്, സുപര്‍ണ എസ്. നായര്‍, ഹരിശങ്കര്‍ ജി. എന്നിവര്‍ ആദ്യ മൂന്ന് റാങ്കുകള്‍ നേടി. കോഴ്‌സിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. തുടര്‍ന്ന്, യൂനിസെഫിന്റെ സഹകരണത്തോടെ ‘സ്ത്രീകളുടെയും കുട്ടികളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കുക’ എന്ന വിഷയത്തില്‍ പ്രഭാഷണം നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം