ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

September 22, 2017 ദേശീയം

ബംഗളൂരു: സെപ്റ്റംബര്‍ 12 മുതല്‍ ബെംഗളൂരുവില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍.ശരത്താണ് കൊല്ലപ്പെട്ടത്. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനാണ് ശരത്ത്.

50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് വാട്ട്സ്ആപ്പ് വീഡിയോ ലഭിച്ചിരുന്നു. അല്ലാത്ത പക്ഷം ഇവര്‍ ലക്ഷ്യമിടുന്നത് ശരത്തിന്റെ സഹോദരിയെ ആണെന്നും ഈ വിവരം പോലീസില്‍ അറിയിക്കരുതെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ശരത്തിന്റെ നമ്പരില്‍ നിന്നും സഹോദരിയുടെ മൊബൈലിലേക്ക് ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് സന്ദേശം വന്നത്. വീഡിയോ രൂപത്തിലാണ് സന്ദേശം വന്നത്. പിതാവിന്റെ പ്രവര്‍ത്തിമൂലം ദുരിതമനുഭവിച്ചവരാണ തന്നെ തട്ടി കൊണ്ടുപോയത് എന്നാണ് വീഡിയോയില്‍ ശരത് പറയുന്നത്.

ബംഗളൂരുവിലെ ഉളളാല എന്ന സ്ഥലത്താണ് ശരത്തും കുടുംബവും താമസിക്കുന്നത്. പുതിയതായി വാങ്ങിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കുവാനാണ് 12ന് വൈകുന്നേരം ശരത്ത് പോയത്. എന്നാല്‍ കൂട്ടുകാരാരും ശരത്തിനെ കണ്ടിട്ടില്ല എന്ന് വ്യക്തമാക്കി.

സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം