ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 28, 2017 പ്രധാന വാര്‍ത്തകള്‍

f.uzhun-pmന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ 7.02ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു.

രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫാ. ടോം കൂടിക്കാഴ്ച നടത്തി. മന്ത്രി കണ്ണന്താനം, ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുളങ്ങര എന്നിവരും സലേഷ്യന്‍ സഭയുടെ ബംഗളൂരു, ഡല്‍ഹി പ്രൊവിന്‍ഷ്യല്‍മാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു. 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിബിസിഐ സെന്ററില്‍ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി. രാത്രിയില്‍ ഓഖ്ല ഡോണ്‍ബോസ്‌കോ ഭവനിലേക്കു മടങ്ങും.

വെള്ളിയാഴ്ച ബംഗളൂരുവില്‍ എത്തുന്ന ഫാ. ടോം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ ഒന്നിനു കൊച്ചി വഴി പാലാ, രാമപുരത്തെ വീട്ടിലെത്തും. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ സന്ദര്‍ശിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍