ഈ വര്‍ഷം 60 കോടിയുടെ ഖാദി വില്‍പന ലക്ഷ്യം: മന്ത്രി എ.സി. മൊയ്തീന്‍

October 6, 2017 കേരളം

തിരുവനന്തപുരം: ഖാദി ഉത്പന്നങ്ങളുടെ വില്‍പന ഈ വര്‍ഷം അറുപതുകോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ, കൈത്തറി വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നഗരത്തിലെ മൂന്നാമത്തെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യ ചരിത്രവുമായി ബന്ധപ്പെട്ട മേഖലയാണ് ഖാദി. ചര്‍ക്കയില്‍ നെയ്‌തെടുത്ത വസ്ത്രങ്ങള്‍ സ്വാഭിമാനത്തിന്റെയും സ്വരാജിന്റയും പ്രതീകമാണ്. ഒരുകാലത്ത് പതിനായിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന പ്രസ്ഥാനമാണിത്. ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കാനും ഉത്പാദനവും വില്‍പനയും വര്‍ധിപ്പിക്കാനും ആവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യന്ത്രത്തറികളില്‍ നെയ്ത ഉത്പന്നങ്ങള്‍ ഖാദി എന്ന പേരില്‍ നമ്മുടെ സംസ്ഥാനത്ത് വിലകുറച്ച് വില്‍ക്കുന്നുണ്ട്. അമിതമായ യന്ത്ര വത്കരണം ഉത്പന്നത്തിന്റെ ഗുണമേന്മയെ ബാധിക്കും. എങ്കിലും മനുഷ്യാധ്വാനം ലഘൂകരിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും സഹായകമായതും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ചെറുകിട യന്ത്രങ്ങള്‍ ഖാദിമേഖലയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഷോറൂമിലെ ആദ്യ വില്‍പന ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.എസ് രാജശ്രീക്കു നല്‍കി മന്ത്രി നിര്‍വഹിച്ചു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.വി. ജയലക്ഷ്മി, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം ടി.വി. ബേബി, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കെ.പി. ലളിതാമണി, ടി. വി. കൃഷ്ണകുമാര്‍, ജി. ഹരികുമാരമേനോന്‍, കെ.എസ് പ്രദീപ്കുമാര്‍, ടി. ശ്യാം കുമാര്‍, കെ.ജെ. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം