വിദ്യാഭ്യാസ മേഖലയില്‍ ഇനി വിഷന്‍ 100 : മന്ത്രി സി. രവീന്ദ്രനാഥ്‌

October 6, 2017 കേരളം

കൊല്ലം: സ്‌കൂള്‍ ഭരണ സംവിധാനംകൂടി ജനകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരുന്ന വിഷന്‍ 100 കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍ക്കും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്കുമായി സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ യജ്ഞം ലക്ഷ്യം കാണുകയാണിപ്പോള്‍. ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പൊതു വിദ്യാലയങ്ങളിലേക്കെത്തിയത്തന്നെയാണ് ഇതിന് തെളിവ്. ഇനി വേണ്ടത് പഠിക്കാനെത്തിയ വിദ്യാര്‍ഥികളെക്കുറിച്ചുള്ള പ്രതീക്ഷ നിലനിറുത്തലാണ്. ഇതിനായി അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്നതുവഴി പ്രതീക്ഷ നിലനിറുത്താനാകും. പഠിപ്പിക്കുന്നതിനൊപ്പം കുട്ടികള്‍ എന്തൊക്കെ മനസ്സിലാക്കി എന്ന് തിരിച്ചറിയേണ്ടത് അധ്യാപകരുടെ ചുമതലയാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചുള്ള പഠനരീതിയാണ് ഇനി സംസ്ഥാനത്ത് പിന്തുടരുക. വിദ്യാര്‍ഥികള്‍ ശരിയായ രീതിയിലാണ് പഠിക്കുന്നതെന്ന് സ്വന്തം അനുഭവത്തിലൂടെ രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാനാകണം. ഇതൊക്കെ യഥാര്‍ത്ഥ്യമാക്കുന്നതിനായി എല്ലാ സ്‌കൂളുകളും വരുന്ന ജനുവരി 31 നകം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കണമെന്നും മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം സ്‌കൂളിന്റെ ഭൗതിക സാഹചര്യമടക്കം മെച്ചപ്പെടുത്തുന്നതിന് ജനപ്രതിനിധികളുടെ ഫണ്ടും തദ്ദേശ സ്ഥാപനങ്ങളുടെ സഹായവും തേടാമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശ്രീകല, ജയശ്രീ, കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം