ഏഷ്യാനെറ്റ്‌ റിപ്പോര്‍ട്ടറെ പി.ജയരാജന്‍ കയ്യേറ്റം ചെയ്തു

March 29, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ഷാജഹാനെ കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തതായി പരാതി. ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ പോര്‍ക്കളം പരിപാടിയുടെ റിക്കാര്‍ഡിങ്ങ്‌ കഴിഞ്ഞയുടനെയായിരുന്നു അക്രമം. ബിജെപി ദേശീയ സമിതിയംഗം പി.പി.കരുണാകരന്‍ മാസ്റ്റര്‍, യുഡിഎഫ്‌ ജില്ലാ കണ്‍വീനര്‍ അഡ്വ.സണ്ണി ജോസഫ്‌, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവരാണ്‌ പോര്‍ക്കളം പരിപാടിയില്‍ പങ്കെടുത്തിരുന്നത്‌. പരിപാടിയില്‍ ഷാജഹാന്‍ പി.ശശിയുടെ കാര്യവുമായി ബന്ധപ്പെട്ടും മറ്റും ഉന്നയിച്ച ചില ചോദ്യങ്ങള്‍ ജയരാജനെയും സ്ഥലത്തുണ്ടായിരുന്ന സിപിഎമ്മുകാരെയും പ്രകോപിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പരിപാടി അവസാനിച്ച ഉടനെ ജയരാജന്റെ നേതൃത്വത്തില്‍ ഷാജഹാന്‌ നേരെ അതിക്രമം അരങ്ങേറിയത്‌. മര്‍ദ്ദനമേറ്റ ഷാജഹാനെ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക്‌ വിധേയനാക്കി. അക്രമം സംബന്ധിച്ച്‌ പരാതിയും നല്‍കിയിട്ടുണ്ട്‌. പരിപാടി നടന്ന സ്ഥലത്തു നിന്ന്‌ ചിലര്‍ ഷാജഹാനെ അക്രമികളില്‍ നിന്നും രക്ഷിച്ച്‌ പുറത്തേക്ക്‌ കൊണ്ടുപോയ ശേഷം പി.ജയരാജന്‍ ഷാജഹാനെ ഫോണില്‍ വിളിച്ചും ശക്തമായ ഭാഷയില്‍ ഭീഷണിപ്പെടുത്തി. “നീ കോണ്‍ഗ്രസ്സുകാരുടെ കയ്യില്‍ നിന്നും പണം വാങ്ങിയാണ്‌ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരത്തിലുള്ള പെരുമാറ്റം തുടര്‍ന്നാല്‍ ഇനിയും തല്ലുകിട്ടുമെന്നും കണ്ണൂരുകാരെ മനസ്സിലാക്കിക്കോ എന്നും” മറ്റുമായിരുന്നു ഭീഷണി. ഷാജഹാന്‍ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ കോഴിക്കോട്‌ ബ്യൂറോ ചീഫാണ്‌. തന്നെ തികച്ചും ആസൂത്രിതമായി ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം സംഘം ബോധപൂര്‍വ്വം അക്രമിക്കുകയായിരുന്നുവെന്ന്‌ ഷാജഹാന്‍ പിന്നീട്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം