സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്തും

October 6, 2017 കേരളം

പാലക്കാട്: സ്‌കൂളുകളില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന്  മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. തരൂര്‍ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘ മെറിറ്റ്’ ന്റെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള എല്‍.സി.ഡി. പ്രൊജക്റ്റര്‍ സ്‌ക്രീന്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിന് മലയാള ഭാഷയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് . നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലെ കൃഷി ഭൂമി ശോഷിച്ച പോലെ ഭാഷ നശിക്കും. ഇതിനായി എല്ലാ സ്‌കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമാക്കേണ്ടതുണ്ട്. പ്രവാസി മലയാളികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ മലയാളമിഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും ആധുനികവത്കരണത്തിനും വേണ്ടിയാണ് നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയത്. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 45,000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി ചെലവഴിക്കും . 229 സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് കോടിയും 200 വര്‍ഷം പിന്നിട്ട പൈതൃക സ്‌കൂളുകള്‍ക്ക് പ്രത്യേക ഫണ്ടും അനുവദിക്കും.

ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് എല്‍.പിയു.പി സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടിയും ചെലവഴിക്കും. ലാബ് നവീകരണം, ജൈവവൈവിധ്യ ഉദ്യാന നിര്‍മാണം , ലൈബ്രറി നിര്‍മാണം എന്നിവ പദ്ധതിയുടെ ഭാഗമാണ്.

വടക്കഞ്ചേരി ചെറുപുഷ്പം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,’മെറിറ്റ്’ ഉപദേശകസമിതി അംഗങ്ങളായ കെ.എന്‍.സുകുമാരന്‍, ഡോ: കെ.വാസുദേവന്‍പിള്ള , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം