നിയമപ്രകാരമല്ലാത്ത ത്രാസുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി

October 9, 2017 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഗ്രാമപ്രദേശങ്ങളിലെ പബ്ലിക് മാര്‍ക്കറ്റുകളില്‍ ലീഗല്‍ മെട്രോളജി ജില്ലാ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ത്രാസുകള്‍ ഉള്‍പ്പെടെ നിയമാനുസൃതം മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച 69 പേര്‍ക്കെതിരെ കേസ്സെടുത്തു.

നിയമാനുസൃതമല്ലാത്തതും ഉപേക്ഷിച്ചു പോയ നിലയില്‍ കണ്ടെത്തിയതുമായ ഇരുനൂറിലധികം ത്രാസുകളാണ് പിടിച്ചെടുത്തത്. പച്ചക്കറി, മത്സ്യം, ഇറച്ചി വ്യാപാര കേന്ദ്രങ്ങളില്‍ വില, തൂക്കം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന നിരവധി പരാതികളിന്മേലാണ് മിന്നല്‍ പരിശോധന നടത്തിയത്. എല്ലാ മാര്‍ക്കറ്റുകളിലും മത്സ്യം പച്ചക്കറി വില്പന കേന്ദ്രങ്ങള്‍ക്കെതിരെ ലഭിക്കുന്ന പരാതികളില്‍ ഉടനെ നടപടിക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിക്കരുതെന്നും എല്ലാ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും ത്രാസ് ഹാജരാക്കി മുദ്ര ചെയ്തു വാങ്ങാന്‍ സൗകര്യം ഉണ്ടെന്നും അതു പ്രയോജനപ്പെടുത്തി നിയമപ്രകാരമുള്ള ത്രാസുകള്‍ സര്‍ട്ടിഫിക്കറ്റോടെ വ്യാപാരത്തിന് ഉപയോഗിക്കണമെന്നും ദക്ഷിണ മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ്. ലെഡ്‌സണ്‍ രാജ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം