കേരളവികസനത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വലുത്: മുഖ്യമന്ത്രി

October 13, 2017 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തില്‍ വലിയതോതിലുള്ള പങ്കാണ് സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എല്ലാകാലത്തും സഹകരണമേഖലയെ പരിപോഷിപ്പിക്കുന്ന നയമാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെയും നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാരംഗത്തും വ്യാപിച്ച പ്രസ്ഥാനമായി സഹകരണമേഖല മാറി. ഇന്നത്തെ രൂപത്തിലുള്ള വളര്‍ച്ച സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആര്‍ജിക്കാനായത് ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ്. ജനങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഗ്രാമീണമേഖലയില്‍ മിക്കവാറും കുടുംബങ്ങളെ ബാങ്ക് അക്കൗണ്ട് ഉള്ളവരാക്കിയതും സഹകരണസംഘങ്ങളാണ്. ദേശീയപ്രസ്ഥാന കാലത്തുതന്നെ നേതാക്കള്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അങ്ങനെ വലിയതോതില്‍ ജനകീയബന്ധമുണ്ടാവുകയും വളര്‍ന്നുവരികയുമായിരുന്നു. അതിനാല്‍ത്തന്നെ, സഹകരണസ്ഥാപനം ജനങ്ങളോടൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനമുണ്ടായപ്പോള്‍ രാജ്യത്തെ സാമ്പത്തികരംഗമാകെ പ്രതിസന്ധിയിലായി. ആ നിരോധനത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ നീക്കങ്ങളുണ്ടായോ എന്നും ആശങ്കയുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ഗൂഢനീക്കങ്ങള്‍ വിജയിക്കാതെ പോയത് കേരളം ഒറ്റക്കെട്ടായി നേരിട്ടതിനാലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സ്വന്തം ബാങ്കെന്ന ലക്ഷ്യത്തിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയിലെ സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ 50 ശതമാനവും കേരളത്തില്‍ നിന്നാണെന്നത് എത്രമാത്രം വിപുലമാണ് ഈ പ്രസ്ഥാനമെന്ന് സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവരെ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി എസ്. ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി. മുരളി, പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, വാര്‍ഡംഗം വി. ധരളിക, ജി.ആര്‍. അനില്‍, മടവൂര്‍ അനില്‍, അപര്‍ണാ പ്രതാപ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് മനോജ് ബി. ഇടമന നന്ദി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍