ജി.എസ്.ടി: അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണം: മന്ത്രി പി. തിലോത്തമന്‍

October 13, 2017 കേരളം

തിരുവനന്തപുരം: ചരക്കുസേവന നികുതി സംബന്ധിച്ച് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്‍മാരാകണമെന്ന് ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രി പി. തിലോത്തമന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ‘ജി.എസ്.ടിയും ഉപഭോക്തൃസംരക്ഷണവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില കൂടുതല്‍ ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് കര്‍ശനമായ നടപടികള്‍ തുടരും. ചരക്കുസേവന നികുതി പ്രാബല്യത്തിലായി മൂന്നുമാസം പിന്നിട്ടിട്ടും ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒട്ടേറെ ആശങ്കകളുണ്ട്. ചരക്കുസേവന നികുതിയില്‍ നിന്നൊഴിവാക്കിയ ഒട്ടേറെ ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞോയെന്ന് വ്യാപാരികള്‍ ആത്മപരിശോധന നടത്തണം. അതുപോലെ കച്ചവടക്കാരുടെ ആശങ്കകളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് എസ്.എസ്. സതീശ്ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം