പ്ലാസ്റ്റിക് രഹിത ശബരിമല തീര്‍ഥാടനം : ബോധവത്കരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കും

October 13, 2017 കേരളം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനം പ്ലാസ്റ്റിക് രഹിതമാക്കുന്നതിന് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കുമെന്ന് എ ഡി എം അനു എസ് നായര്‍ പറഞ്ഞു. കലക്ട്രേറ്റില്‍ ചേര്‍ന്ന മിഷന്‍ ഗ്രീന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ശുചിത്വത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇത്തവണ ഒരു ഡിവൈഎസ്പിയടക്കം പത്തുപേരടങ്ങുന്ന പൊലീസ് സംഘം ശുചീകരണ കാര്യങ്ങള്‍ പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സന്നിധാനത്ത് ഉണ്ടാകും. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റികിന് എതിരെയുള്ള പരസ്യങ്ങള്‍, അറിയിപ്പുകള്‍ എന്നിവ നല്‍കും. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തന്‍ ഗുരുസ്വാമിമാരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം നടത്തും. ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നതിന് പ്രത്യേക പ്രചാരണം പരിപാടികള്‍ സംഘടിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകര്‍ക്ക് തുണി സഞ്ചികള്‍ നല്‍കും.

ളാഹ, പ്ലാപ്പള്ളി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് സെന്ററുകള്‍ ഉണ്ടായിരിക്കും. ഇവിടെ തീര്‍ത്ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികള്‍ വാങ്ങി പകരം തുണി സഞ്ചികള്‍ നല്‍കും.പൂങ്കാവനത്തില്‍ പ്ലാസ്റ്റിക് കുപ്പികളും മറ്റും ഉപേക്ഷിക്കാതിരിക്കാന്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. വ്യാപാര സ്ഥാപനങ്ങളുടെ പരിസരത്ത് കാണപ്പെടുന്ന മാലിന്യങ്ങളുടെ ഉത്തരവാദിത്വം കടക്കാരന്റെ ബാധ്യതയായി കണക്കാക്കി കൂടുതല്‍ കര്‍ശ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. തീര്‍ഥാടനകാലത്തിന് മുന്‍പ് തന്നെ സന്നിധാവും പരിസരവും സന്നദ്ധസേവാ സംഘടനകളുടെ സഹായത്തോടെ ശുചീകരിക്കുന്നതിന് നടപടി സ്വീകരിക്കും. ഇത്തവണ പുണ്യം പൂങ്കാവനം പദ്ധതി എരുമേലിയിലേക്കും വ്യാപിപ്പിക്കും.തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന ഇടത്താവളങ്ങള്‍, പ്രധാന ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. ലഘുലേഖ വിതരണം, പരസ്യചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ശുചീകരണ പരിപാടികളും അവയ്ക്കുവേണ്ട ക്രമീകരണങ്ങളും സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ ജില്ലാ ഭരണകൂടത്തിന് ഒരാഴ്ചക്കകം സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ശുചീകരണത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തും. യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ വി ജയമോഹന്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം