അനില്‍ഡ തോമസിനും രൂപേഷ് കുമാറിനും ജി.വി രാജ അവാര്‍ഡ്‌

October 14, 2017 കായികം

തിരുവനന്തപുരം: കേരളത്തിലെ പ്രഗത്ഭ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ 201617ലെ ജി.വി രാജ അവാര്‍ഡും മറ്റ് കായിക അവാര്‍ഡുകളും പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്‌ലറ്റായ അനില്‍ഡ തോമസിനും (വനിതാ വിഭാഗം), അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ കായികതാരമായ രൂപേഷ് കുമാറിനുമാണ് (പുരുഷ വിഭാഗം) ജി.വി. രാജ അവാര്‍ഡുകള്‍. മൂന്നുലക്ഷം രൂപയും, ഫലകവും പ്രശംസാപത്രവും ജി.വിരാജ അവാര്‍ഡ് ജേതാക്കള്‍ ലഭിക്കുമെന്ന് വ്യവസായകായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫുട്‌ബോള്‍ പരിശീലകനായ ഗബ്രിയേല്‍ ഇ. ജോസഫിനാണ് ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. രണ്ടുലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവുമാണ് ഈ വിഭാഗത്തില്‍ ലഭിക്കുക. മറ്റ് അവാര്‍ഡുകള്‍: കോളേജ് തലത്തിലെ മികച്ച കായികാധ്യാപകന്‍ ഫാദര്‍ പി.ടി. ജോയ് (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട 50,000 രൂപയും, പ്രശംസാപത്രവും, ഫലകവുമാണ് അവാര്‍ഡ്). സ്‌കൂള്‍ തലത്തിലെ മികച്ച കായികാധ്യാപകന്‍ എന്‍.എസ്. സിജിന്‍ (എച്ച്.എസ്.എസ് മുണ്ടൂര്‍ 50,000 രൂപയും, പ്രശംസാപത്രവും, ഫലകവുമാണ് അവാര്‍ഡ്). മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളേജ് ബ്രണ്ണന്‍ കോളേജ് തലശ്ശേരി (50,000 രൂപയും, പ്രശംസാപത്രവും, ഫലകവും). മികച്ച സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്: പി.ജെ. ജോസ് (മാതൃഭൂമി ദിനപത്രം 25,000 രൂപയും, പ്രശംസാപത്രവും, ഫലകവും).മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫര്‍: മുസ്തഫ അബൂബക്കര്‍ (മാധ്യമം ദിനപത്രം 25,000 രൂപയും, പ്രശംസാപത്രവും, ഫലകവും). മികച്ച കായിക പുസ്തകം വി.പി സത്യനെക്കുറിച്ചുള്ള പുസ്തകം ജിജോ ജോര്‍ജ് (25,000 രൂപയും, പ്രശംസാപത്രവും, ഫലകവും).

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം ജോര്‍ജ് തോമസ്, മുന്‍ അന്തര്‍ദേശീയ കായികതാരം കെ.എം. ബീനാമോള്‍, സായ് കേരള റീജിയണ്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, മുന്‍ അന്തര്‍ദേശീയ കായികതാരം പി.ജെ. ജോസഫ്, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എ.എന്‍. രവീന്ദ്രദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കായികവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡംഗം എം.ആര്‍ രഞ്ജിത്ത് എന്നിവര്‍ സംബന്ധിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - കായികം