ജി. വി രാജ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി എ. സി മൊയ്തീന്‍

October 14, 2017 കേരളം

തിരുവനന്തപുരം: ജി. വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് വ്യവസായ കായിക മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവനക്കാരും കായകപ്രേമികളും നിന്നാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം ഇത് സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന കായികദിനത്തിന്റെ ഉദ്ഘാടനവും ജി. വി. രാജ അനുസ്മരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കായിക യുവജനകാര്യ ഡയറക്‌ട്രേറ്റിന്റെ വെബ്‌സൈറ്റിന്റെയും ഉദ്ഘാടനവും ഫുട്ബാള്‍ മത്‌സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വഹിച്ചു. ഫിഫ അണ്ടര്‍ 17 ഫുട്ബാള്‍ മത്‌സരങ്ങള്‍ക്ക് കൊച്ചി വേദിയായിരിക്കുകയാണ്. ഇത് കേരള ഫുട്ബാളിന് പുതിയ ഉണര്‍വ് പകരും. ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലേക്ക് കൂടുതല്‍ രാഹുല്‍മാരെയും വിനീതുമാരെയും സംഭാവന ചെയ്യാന്‍ ജി. വി രാജ സ്‌കൂളിന് കഴിയുമെന്നാണ് പ്രതീക്ഷ. സ്‌കൂളില്‍ ഇടയ്ക്കിടെയുണ്ടാവുന്ന ഭക്ഷ്യവിഷബാധയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. ജി.വി രാജ സ്‌കൂളിലെ മൈതാനത്ത് ട്രാക്ക് നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റായി. ബോയ്‌സ് ഹോസ്റ്റലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു. ഇപ്പോഴുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം മികച്ച നിലവാരമുള്ളതാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കായികമേഖലയില്‍ ജി. വി രാജയുടെ സേവനം മഹത്തരമാണ്. അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കേരളത്തിലെ കായികരംഗത്തിന്റെ പിതാവായി ആദരിക്കുന്നത്. കായിക കേരളത്തിന്റെ വികസനത്തിന് തുടക്കം കുറിച്ച് സര്‍ക്കാര്‍ ആരംഭിച്ച നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായി മന്ത്രി പറഞ്ഞു.

ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ജയനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. ഫുട്ബാള്‍ മത്‌സരത്തില്‍ റണ്ണര്‍ അപ്പായ സെന്റ് ജോസഫ്‌സ് സ്‌കൂളിനും വിജയികളായ ജി. വി. രാജ സ്‌കൂളിനും മന്ത്രി മെഡലുകളും ട്രോഫിയും സമ്മാനിച്ചു. കെ. എസ്. ശബരീനാഥന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി. പി. ദാസന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി, ജില്ലാ പഞ്ചായത്തംഗം മായാദേവി, കായികയുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ സി. എസ്. പ്രദീപ്, അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം