രാജീവ് കൊലപാതകം: അഭിഭാഷകന്‍ സിപി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് സൂചന

October 16, 2017 കേരളം

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകനായ സി പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പൊലീസ്. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചു. പ്രതിയും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ കോടതിക്ക് നല്‍കി.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അദ്ദേഹത്തിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് കൃത്യമായ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെ കൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികള്‍ മൊഴി നല്‍കിയെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ, കേസിലെ മുഖ്യ പ്രതിയായ ജോണിയേയും രഞ്ജിത്തിനെയും പൊലീസ് പിടികൂടിയിരുന്നു. പാലക്കാട് മംഗലം ഡാമിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പൊലീസ് പിടികൂടിയത്.

കോയമ്പത്തൂര്‍ വിമാനത്താവളം വഴി രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമം. പക്ഷേ ലുക്കൗട്ട് നോട്ടീസ് പുറത്തിറങ്ങിയതോടെ ഇത് നടന്നില്ല. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം