ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

October 17, 2017 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ രാഷ്ട്രത്തിനു സമര്‍പ്പിച്ചു .ആയുര്‍വേദ ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ആദ്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് ആരോഗ്യ വിപ്‌ളവത്തിനു സമയമായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ ജില്ലകളിലും ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിക്കാനാണ് ആയുഷ് മന്ത്രാലയം പദ്ധതിയൊരുക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് അറുപത്തിയഞ്ചിലധികം ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ മുപ്പത് വര്‍ഷമായി വിവരസാങ്കേതിക വിനിമയ രംഗത്ത് വിപ്‌ളവമുണ്ടായി. ഇനി നമ്മള്‍ ആരോഗ്യ വിപ്‌ളവം ലക്ഷ്യമിടണം.

പൈതൃകവും സംസ്‌കാരവും മറക്കുന്ന ഒരു രാഷ്ട്രത്തിനും ഉയര്‍ച്ചയും നിലനില്‍പ്പുമുണ്ടാകില്ല .പൈതൃകം മറന്നത് ഇടക്കാലത്ത് ഭാരതത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദവും യോഗയും സൈനികര്‍ക്ക് ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയുര്‍വേദ മരുന്നുകളില്‍ കൂടുതല്‍ പരീക്ഷണം നടത്തണം. എല്ലാ ആരോഗ്യ ശാഖകളേയും ബഹുമാനിക്കണമെന്നും എല്ലാറ്റിന്റെയും ഉയര്‍ച്ചയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ ഇനി ഔഷധ സസ്യങ്ങള്‍ കൃഷി ചെയ്യാന്‍ കൂടി കൂടുതല്‍ മുന്നോട്ടു വരണം. ആയുഷ്, കൃഷി മന്ത്രാലയങ്ങള്‍ അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കും. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുവാന്‍ ഇത്തരം നൂതന സമ്പ്രദായങ്ങള്‍ കൂടി ആവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍