സഹസ്രഹൃദയം പദ്ധതിയുമായി രാജഗിരി ഹോസ്പിറ്റല്‍

October 19, 2017 കേരളം

sahasrahridayamആലുവ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഹൃദ്രോഗ നിര്‍ണയം, പ്രതിരോധം, ആധുനിക ചികിത്സ പരിചരണം എന്നിവ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സഹസ്രഹൃദയം പദ്ധതി’ ആലുവ ചുണങ്ങംവേലി രാജഗിരി ഹോസ്പിറ്റലില്‍ ആരംഭിച്ചു.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ധനകാര്യമന്ത്രി ഡോ.ടി.എം തോമസ് ഐസക് നിര്‍വഹിച്ചു. ഹൃദ്രോഗവും അതിലേക്ക് നയിക്കുന്ന രോഗാവസ്ഥകളും, മറ്റ് ജീവിത ശൈലി രോഗങ്ങളും നേരത്തെ നിര്‍ണയിക്കാന്‍ ആരോഗ്യമേഖല കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സ ചെലവ് ഗണ്യമായി കുറക്കുവാന്‍ ഇതു സഹായമാകും. ഹൃദ്രോഗ വ്യാപനവും ആധുനിക ചികിത്സ രീതികളും സംബന്ധിച്ച അറിവ് പൊതുജനങ്ങളില്‍ എത്തിക്കാന്‍ കഴിയണം.ജീവിത ശൈലി രോഗങ്ങള്‍ നേരിടുന്നതില്‍ ആരോഗ്യ രംഗം വേണ്ടത്ര സജ്ജമായിട്ടില്ല. ഇതിനായി സ്വകാര്യ-പൊതുജന ആരോഗ്യ മേഖലകളുടെ സഹകരണത്തോടെ അയ്യായിരം കോടിയുടെ ബ്രഹത്തായ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.

ജനങ്ങളുടെ സാമ്പത്തിക പരിമിതികള്‍ ചികിത്സക്ക് തടസ്സമാകാത്ത സാഹചര്യം സൃഷ്ടിക്കാന്‍ ആരോഗ്യ മേഖലക്ക് ബാധ്യതയുണ്ട്. അത്തരം ശ്രേഷ്ടമായ ലക്ഷ്യങ്ങളാണ് സഹസ്രഹൃദയം പോലുള്ള പദ്ധതികള്‍ നിറവേറ്റുന്നത്. ചികിത്സ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

രാജഗിരി ഹോസ്പിറ്റലിലെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി, സി.എം.ഐ അധ്യക്ഷത വഹിച്ചു. മരണത്തിലേക്കും പക്ഷാഘാതമടക്കമുള്ള അംഗ വൈകല്യങ്ങളിലേക്കും നയിക്കുന്ന ഹൃദ്രോഗത്തിന് അടിമപ്പെടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ജനിതക ഘടനയും ഭക്ഷണ രീതിയും അനാരോഗ്യകരമായ ജീവിത ശൈലിയും കൊണ്ട് ഹൃദ്രോഗങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനമാണുള്ളത്. ഹൃദ്രോഗത്തിന് വിദഗ്ധ ചികിത്സ ലഭിക്കാതെ ആരും മരണപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നമുക്ക് കഴിയണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആയിരം ഹൃദ്രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് സഹസ്രഹൃദയം പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം. സേവനം വരും വര്‍ഷങ്ങളില്‍ വ്യാപിപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി പറഞ്ഞു.

പദ്ധതിയുടെ വെബ്സൈറ്റായ www.sahsarahrudayam.com ന്റെ പ്രകാശന കര്‍മ്മം അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. രാജഗിരി ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ റിട്ട.മേജര്‍ ജനറല്‍ എ. എന്‍.ഗോപിനാഥന്‍ നായര്‍, ഹൃദ്രോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ശിവ് കെ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രാണാ പ്രിവിലേജ് കാര്‍ഡിന്റെ ഉദ്ഘാടനം എടത്തല പഞ്ചായത്ത് പ്രസിഡന്റ് സജിത അബ്ബാസ് നിര്‍വഹിച്ചു.

വര്‍ധിച്ചു വരുന്ന ഹദ്രോഗം നേരിടാന്‍ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ കാര്‍ഡിയാക് സയന്‍സ് വിങ് രാജഗിരി ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിമൂന്നായിരത്തോളം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ള വിദഗ്ധ കാര്‍ഡിയാക് സര്‍ജ്ജനായ ഡോ.ശിവ്.കെ.നായര്‍ക്കാണ് കാര്‍ഡിയാക് വിഭാഗത്തിന്റെ ചുമതല. സഹസ്ര ഹൃദയം പദ്ധതിക്കായി ധനസമാഹരണത്തിനും തുടക്കമിട്ടതായി സംഘാടകര്‍ അറിയിച്ചു. നിര്‍ധന രോഗികള്‍ക്കും അവരുടെ കുടുംബത്തിനും പുതു ജീവിതമാണ് വഴി തുറക്കുന്നത്. പദ്ധതിക്ക് ബഹുജന പങ്കാളിത്തം കൂടിയേ തീരൂ. വിശദ വിവരങ്ങള്‍ക്ക് പ്രൊജക്ട് മാനേജരെ 73566 00884 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം