പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

October 19, 2017 കേരളം

പമ്പ: പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തില്‍ പമ്പയുടെ ശുചീകരണം ഏറ്റെടുക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പമ്പയിലെ സ്‌നാനഘട്ടത്തിന്റെ നവീകരണം, തീര്‍ഥാടകര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തോടുകൂടിയ നടപ്പന്തല്‍, നിലയ്ക്കലിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ ശുചിമുറികള്‍ എന്നിവയുടെ ശിലാസ്ഥാപനം പമ്പാ മണല്‍പ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 304 കോടി രൂപയുടെ പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. ഇതില്‍ 204 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെയും 100 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റേതുമാണ്. വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങ ള്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശബരിമലയുടെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇതിന്റെ വിജയത്തിനായി ദേവസ്വം ബോര്‍ഡിന്റെയും തീര്‍ഥാടകരുടെയും മറ്റുള്ളവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്ദര്‍ശകര്‍ക്കായുള്ള പമ്പയിലെ കാത്തിരിപ്പ് കേന്ദ്രത്തിന് അഞ്ച് കോടി രൂപയുടെയും പമ്പാ നദിയുടെ തീരം കമനീയമാക്കുന്നതിനുള്ള പദ്ധതിക്ക് മൂന്നര കോടി രൂപയുടെയും നിലയ്ക്കലിലെ ആധുനിക ശുചിമുറികളുടെ നിര്‍മാണത്തിനായി അഞ്ച് കോടി രൂപയുടെയും ഭരണാനുമതികളാണ് നല്‍കിയിട്ടുള്ളത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം