ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടും: മുഖ്യമന്ത്രി

October 19, 2017 കേരളം

പമ്പ: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തീര്‍ഥാടന കേന്ദ്രത്തിനുമപ്പുറം ശബരിമല വളര്‍ന്നുകഴിഞ്ഞു. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. ഈ വിമാനത്താവളം തീര്‍ഥാടകര്‍ക്ക് വലിയ സൗകര്യമായി മാറും. ശബരി റെയിലുമായി ബന്ധപ്പെട്ട സ്ഥലമെ ടുപ്പ് പൂര്‍ത്തീകരിക്കും. കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും റെയില്‍വേയും നടപടി സ്വീകരിക്കണം. പമ്പ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയില്‍വേ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ നല്ല പ്രവര്‍ത്തനമാണ് ഉണ്‍ായിട്ടുള്ളത്. ഇത് പൂര്‍ണതയിലേക്ക് എത്തിക്കും. വകുപ്പുകള്‍ ഇതിനായി നല്ല ഏകോപനത്തോടെ പ്രവര്‍ത്തിക്കും.

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം ഇത്തവണയും അനുവദിക്കില്ല. ഇതിന് പകരം നല്ല കുടിവെള്ളം ജലവിഭവ വകുപ്പ് കിയോസ്‌കുകള്‍ മുഖേന വിതരണം ചെയ്യും. പമ്പയെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബോധവത്ക്കരണം നടത്തും. പരമ്പരാഗത കാനന പാതയില്‍ ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി എസ്എന്‍എല്‍ കൂടുതല്‍ മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സൗകര്യം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കണം. പുനലൂര്‍മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ നവീകരണം സംബന്ധിച്ച വിഷയം പ്രത്യേകം പരിശോധിക്കും. വനസംരക്ഷണത്തില്‍ വീഴ്ച വരുത്താതെ തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനുള്ള പ്രായോഗിക സമീപനം വനം വകുപ്പ് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, വനം മന്ത്രി കെ.രാജു, എംപിമാരായ ആന്റോ ആന്റണി, ജോയ്‌സ് ജോര്‍ജ്, രാജുഎബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം