പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

October 20, 2017 കേരളം

thuravoor-V_pbകൊച്ചി: പ്രശസ്ത വാഗ്മിയും തത്വചിന്തകനും സാഹിത്യവിചക്ഷണനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍(74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

രാവിലെ 10.30 മുതല്‍ 12.30 വരെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് അഞ്ച് മണി വരെ സ്വവസതിയിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തിലാണ് സംസ്‌ക്കാരം.

1943 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ ജനിച്ച വിശ്വംഭരന്‍ ഇതിഹാസങ്ങളുടെ വ്യാഖ്യാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ജന്മഭൂമി പത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററായിരുന്ന അദ്ദേഹം തപസ്യയുടെ സംസ്ഥാന രക്ഷാധികാരിയും കുരുക്ഷേത്രയുടെ എംഡിയുമാണ്. തപസ്യയുടെ മുന്‍ അധ്യക്ഷനായിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ചിരുന്നു. ബിരുദ ബിരുദാനന്തരം മഹാരാജാസില്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം സംസ്‌കൃത പണ്ഡിതനായിരുന്ന പിതാവില്‍ നിന്നാണ് തുറവൂര്‍ ജ്യോതിശാസ്ത്രത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം അറിവ് സമ്പാദിച്ചത്.

ഭാരതദര്‍ശനം പുനര്‍വായനയാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകം. അമൃത ചാനലില്‍ ഭാരതദര്‍ശനം പരിപാടി അവതരിപ്പിച്ചിരുന്നു. സഞ്ജയന്‍, അമൃത കീര്‍ത്തി, ജന്മാഷ്ടമി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
1990ല്‍ തപസ്യ സാസ്‌ക്കാരിക തീര്‍ത്ഥയാത്രയ്ക്ക് ചുക്കാന്‍ പിടിച്ചു. അനന്തപുരം മുതല്‍ അനന്തപുരി വരെ നടന്ന ജോതിര്‍ഗമയ സാസ്‌ക്കാരിക തീര്‍ത്ഥയാത്രയ്ക്കും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഭാര്യ കാഞ്ചന.മക്കള്‍ സുമ, മഞ്ജു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം