ആയുര്‍വേദ ചികിത്സാരംഗത്ത് കാലാനുസൃത മാറ്റങ്ങളുണ്ടാവണം: ഡെപ്യൂട്ടി സ്പീക്കര്‍

October 21, 2017 കേരളം

തിരുവനന്തപുരം: ആയുര്‍വേദ ചികിത്സാരംഗത്ത് കാലാനുസൃത മാറ്റങ്ങളുണ്ടാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പ് സംഘടിപ്പിച്ച വേദനാ നിര്‍ഹരണം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂവായിരത്തോളം വര്‍ഷം പഴക്കമുള്ള ചികിത്സാ ശാസ്ത്രമാണ് ആയുര്‍വേദം. അത്രയും തന്നെ പഴക്കം മാത്രമുള്ള അലോപ്പതിക്ക് ലോകം മുഴുവന്‍ പ്രചാരം ലഭിക്കുന്ന സാഹചര്യത്തില്‍ ആയുര്‍വേദ ശാസ്ത്രത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നതെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. ആയുര്‍വേദം പൈതൃകവിജ്ഞാനമാണ് എന്ന കാരണത്താല്‍ പുതിയ ആശയങ്ങളുടെ സ്വീകരണത്തില്‍ വൈമുഖ്യം കാണിക്കരുത്. കേരളത്തില്‍ ആയുര്‍വേദശാഖയ്ക്ക് പുതിയമാനങ്ങള്‍ വരുന്നുണ്ട് എന്നത് സന്തോഷകരമാണ്. ആര്‍ദ്രം മിഷനില്‍ ആയുര്‍വേദത്തിന് മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈ ചികിത്സാശാസ്ത്രം കൂടുതല്‍ ജനകീയമാക്കാന്‍ നല്ല ആശയങ്ങളെ സമന്വയിപ്പിച്ച് പുതുതലമുറയ്ക്ക് കൈമാറണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം