കായിക രംഗത്തെ സമൂലമാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

October 21, 2017 കേരളം

• കായികക്ഷമതാ മിഷന് രൂപം നല്കും

• 2020, 2024 ഒളിമ്പിക്‌സുകളില്‍ മെഡല്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ ഒളിമ്പിയ’

• കുട്ടികളില്‍ കായികാഭിരുചി വളര്‍ത്താന്‍ ‘കളിയിലൂടെ ആരോഗ്യം’ പദ്ധതി

• പിഎസ്സി നിയമനത്തില്‍ കായികതാരങ്ങള്‍ക്ക് ഒരു ശതമാനം വെയിറ്റേജ്

• അപകടം പറ്റുന്ന താരങ്ങള്‍ക്ക് അടിയന്തര ചികിത്സാസഹായം, ജോലി

• കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പദ്ധതി

• എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം

• 14 ജില്ലയിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, ഏഴെണ്ണത്തിന് ഭരണാനുമതി 

കോട്ടയം: സ്‌കൂള്‍തലം മുതലുള്ള കായിക വികസനത്തില്‍ സമൂലമാറ്റം കൊണ്ടുവരുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവവും പാലാ സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ ചെറുപ്രായത്തില്‍ കണ്ടെത്തി, 10-15 വര്‍ഷം ശാസ്ത്രീയ പരിശീലനം നല്‍കിയാല്‍ മാത്രമേ അന്താരാഷ്ട്ര മികവുള്ള കായികപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിയൂ. കളിക്കും കായികതാരങ്ങള്‍ക്കുമാണ് ഈ സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കഴിവുള്ളവര്‍ക്കായിരിക്കണം അംഗീകാരം എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കഴിവുള്ളവരെ മാറ്റിനിര്‍ത്തി കഴിവ് കുറഞ്ഞവരെ ഏതെങ്കിലുമൊക്കെ സ്വാധീനത്തിനു വഴങ്ങി ഉയര്‍ത്തി വിടാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് കായികരംഗത്ത് കേരളത്തിനുള്ള യശസ്സിനെ തകര്‍ക്കാനുള്ള ശ്രമമായി തന്നെ സര്‍ക്കാര്‍ കാണും. അതിനെതിരെ നടപടി ഉണ്ടാകും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായിക രംഗത്ത് വരുത്തിയ മാറ്റങ്ങള്‍ നിരവധിയാണ്. സ്‌പോട്‌സ് കൗണ്‍സിലിനു കീഴില്‍ ‘ഓപ്പറേഷന്‍ ഒളിമ്പിയ’ എന്ന കര്‍മ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത് 2020, 2024 ഒളിമ്പിക്‌സുകളില്‍ മെഡല്‍ സാധ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കേരളത്തിന് കൂടുതല്‍ സാധ്യത നല്‍കുന്ന കായിക ഇനങ്ങളിലാണ് പദ്ധതിപ്രകാരം പരിശീലനം നല്കുന്നത്. മികവുകാണിച്ചിട്ടുള്ള 250 ഓളം കായികതാരങ്ങളെ ഇതിനായി പരിശീലിപ്പിക്കും.

കുട്ടികളില്‍ കായികാഭിരുചി വളര്‍ത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് ‘കളിയിലൂടെ ആരോഗ്യം’ പദ്ധതി സ്‌കൂളുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത്. ഈ പദ്ധതി മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതോടൊപ്പം എല്ലാ സ്‌കൂളുകളിലും യോഗ പരിശീലിപ്പിക്കാനും കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനും അവസരം ഒരുക്കും. സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ അക്കാദമിക നിലവാരം ഉയര്‍ത്താനും ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പരീക്ഷകളും കായികമേളകളും ഒന്നിച്ചു വരുന്നത് ഒഴിവാക്കാന്‍ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പുറത്തിറക്കും. സ്‌പോട്‌സ് സ്‌കൂളുകള്‍ക്ക് പരിശീലന സൗകര്യങ്ങളുടെ കാര്യത്തിലും ഭക്ഷണം അടക്കമുള്ള വിഷയങ്ങളിലുമുള്ള പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ ഭരണച്ചുമതല വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നിന്നു മാറ്റി കായികവകുപ്പിനു കീഴിലാക്കിയത് ഇതിന്റെ ഭാഗമായാണ്. കായികക്ഷമതയും ആരോഗ്യവുമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കായികക്ഷമതാ മിഷന് രൂപം നല്കും. നഴ്‌സറി തലം മുതല്‍ മുതിര്‍ന്ന പൗര•ാര്‍ വരെയുള്ളവരുടെ ശാരീരികകായികക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മിഷന്‍ നടപ്പാക്കുക. സ്‌പോട്‌സ് മെഡിസിന്‍, സ്‌പോട്‌സ് ഇന്‍ഫര്‍മേഷന്‍ മേഖലകളില്‍ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കായികതാരങ്ങളെ സംരക്ഷിക്കാനും അവരുടെ നന്മയും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് അത്‌ലറ്റ് പി. യു ചിത്രയുടെയും ഫുട്‌ബോള്‍ താരം സി കെ വിനീതിന്റെയും കാര്യത്തില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍.

ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി. മുടങ്ങിക്കിടന്ന അപേക്ഷകളില്‍ തീരുമാനമെടുത്ത് കുടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. പിഎസ്സി നിയമനത്തില്‍ കായികതാരങ്ങള്‍ക്ക് ഒരു ശതമാനം വെയിറ്റേജ് നല്കാനുള്ള തീരുമാനവും നടപ്പാക്കി. അപകടം പറ്റുന്ന താരങ്ങള്‍ക്ക് അടിയന്തര ചികിത്സാസഹായം നല്‍കും. അവര്‍ക്ക് ജോലി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. സ്‌കൂള്‍ കായികമേളയില്‍ മെഡല്‍ നേടിയ കായികതാരങ്ങളുടെ ക്യാഷ് അവാര്‍ഡ് വിതരണം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ക്യാഷ് അവാര്‍ഡ് വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിദ്യഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറുപ്രായത്തില്‍ മികവു കാണിക്കുന്ന താരങ്ങളില്‍ ഭൂരിപക്ഷവും പിന്നീട് എങ്ങുമെത്താതെ പോകുന്നത് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുകൊണ്ടാണ്. പൊതുവെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സാഹചര്യങ്ങളില്‍ നിന്നു വരുന്ന കായികതാരങ്ങള്‍ക്ക് ഗൗരവമായ പിന്തുണയില്ലാതെ മുന്നോട്ടുപോകാനും ലോകനിലവാരമുള്ള കായികതാരങ്ങളായി വളരാനും സാധിക്കില്ല. സ്‌കൂള്‍തലത്തില്‍ പെണ്‍കുട്ടികളെക്കൂടി കളിക്കളങ്ങള്‍ ഉപയോഗിക്കുന്നതില്‍ അദ്ധ്യാപകര്‍ പ്രോത്സാഹിപ്പിക്കണം. എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ കായികമേളകളും മറ്റും നന്നായി നടത്താന്‍ ഈ സൗകര്യം ഉപയോഗപ്പെടും. 14 ജില്ലയിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടിയായിക്കഴിഞ്ഞു. ഏഴ് സ്റ്റേഡിയങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. കൊച്ചിയിലെ സ്റ്റേഡിയം ലോകനിലവാരത്തില്‍ നവീകരിക്കുകയും നാല് പരിശീലന മൈതാനങ്ങളും മികച്ച രീതിയില്‍ തയ്യാറാക്കുകയും ചെയ്തു. പരാതികളില്ലാതെ കൊച്ചിയിലെ മത്സരങ്ങള്‍ നടത്താന്‍ ഫിഫയ്ക്ക് സാധിച്ചത് വലിയ നേട്ടമാണ്.

സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും മികച്ച രീതിയില്‍ പരിരക്ഷിച്ചാല്‍ ഭാവിയില്‍ മത്സരങ്ങള്‍ നടത്താനും ഒപ്പം കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താനും വേണ്ട സൗകര്യം ലഭിക്കും. സ്‌കൂള്‍തല കായികമേളകള്‍ ഇത്രയേറെ ആസൂത്രണത്തോടെ നടത്തുന്ന മറ്റൊരു സംസ്ഥാനവുമില്ല. ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം പുലര്‍ത്തുന്ന ആധിപത്യം ഇതിനു തെളിവാണ്. പതിനായിരക്കണക്കിനു കുട്ടികളാണ് ഒരു വര്‍ഷം വിവിധ തലങ്ങളിലുള്ള സ്‌കൂള്‍ കായികമേളകളില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നു. ലോകത്തു തന്നെ സ്‌കൂള്‍ തലത്തില്‍ ഇത്തരമൊരു കായികസംഘാടനം അപൂര്‍വമാണ്. കായികപാരമ്പര്യത്തിന്റെ കാര്യത്തില്‍ കോട്ടയം ജില്ല മുന്നിലാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന്റെ കായികമുന്നേറ്റത്തില്‍ മധ്യതിരുവിതാംകൂറിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ച പങ്കും അനുസ്മരിച്ചു. ഇക്കാര്യത്തില്‍ കോരുത്തോട് സ്‌കൂളും കെ.പി തോമസ് മാഷും വഹിച്ച പങ്കും പാലായിലെ അല്‍ഫോന്‍സ, സെന്റ് തോമസ് കോളേജുകള്‍ കായികലോകത്തിനു നല്‍കിയ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ചതിലൂടെ പാലായിലെ കായിക താരങ്ങളുടെയും കായികപ്രേമികളുടെയും വര്‍ഷങ്ങള്‍ നീണ്ട സ്വപ്നമാണ് യഥാര്‍ഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന കായികോത്സവത്തിന്റെ ദീപശിഖ ഒളിമ്പ്യന്‍ ഷൈനി വിത്സന്‍ മുഖ്യമന്ത്രിക്ക് കൈമാറി.പുതിയ തലമുറയിലെ കായിക താരങ്ങളായ അനന്യ ജെറ്റോ, ആന്‍ഡ്രൂസ് ടോമി, ഡാലിയ പി. ലാല്‍, ആകാശ് എം. വര്‍ഗീസ്, ജോസ്‌ന ജോസഫ് എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് ദീപശിഖാ ഏറ്റുവാങ്ങി. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് ദീപശിഖാ ആദ്യം ഏറ്റുവാങ്ങി പ്രയാണം നയിച്ചത്. കെ.എം. മാണി എംഎല്‍എയ്ക്ക് പാലാ കൂട്ടായ്മയുടെ മൊമെന്റോയും മുഖ്യമന്ത്രി സമ്മാനിച്ചു.

കായികോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത ദില്ല ഷെറിന്‍ തയ്യാറാക്കിയ കാരിക്കേച്ചര്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. കായിക വകുപ്പുമന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കായികോത്സവത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്ത ദില്ല ഷെറിന് 5001 രൂപയുടെ ക്യാഷ് അവാര്‍ഡും ഉപഹാരവും വിദ്യാഭ്യാസ മന്ത്രി സമ്മാനിച്ചു. എംപിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി, ജോയ് എബ്രാഹം എന്നിവര്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എംഎല്‍എമാരായ മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, പാലാ നഗരസഭാദ്ധ്യക്ഷ ലീന സണ്ണി, പൊതുവിദ്യാഭ്യാസ അഡി. ജയറക്ടര്‍ ജിമ്മി കെ. ജോസ്, ജനപ്രതിനിധികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം. മാണി എം.എല്‍.എ. സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം