സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല: മുഖ്യമന്ത്രി

October 21, 2017 കേരളം

കോട്ടയം: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലാ സബ്ഡിവിഷന്‍ പോലീസ് സ്റ്റേഷന്റെ കീഴില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ സംസ്ഥാനത്തെ പ്രഥമ സമ്പൂര്‍ണ്ണ ഭവന സന്ദര്‍ശനത്തിന്റെ പ്രഖ്യാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി ലഭിച്ച നിര്‍ണ്ണായക വിവരങ്ങള്‍ സമൂഹ സുരക്ഷയ്ക്ക് ഉപയോഗപ്പെടും. 1094 സ്ത്രീകള്‍ ഈ സബ് ഡിവിഷന്‍ പരിധിയില്‍ തനിച്ച് താമസിക്കുന്നതായി വിവര ശേഖരണം നടത്തിയിട്ടുണ്ട്. 506 വ്യക്തികളെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രയോജനപ്പെടും. സ്ത്രീകള്‍ തനിച്ച് താമസിക്കുന്നത് കൂടാതെ പ്രായമായ പുരുഷന്‍മാര്‍ തനിച്ച് താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവയും മനസ്സിലാക്കി പോലീസിന്റെ സംരക്ഷണവും സേവനവും ഉറപ്പാക്കാന്‍ കഴിയണം. പോലീസ് ജനങ്ങളെ തേടിയെത്തുമ്പോള്‍ അത് ജനസൗഹൃദ പോലീസാകും. അതുപോലെ ജനങ്ങള്‍ പോലീസിനെ തേടിയെത്തുകയും തങ്ങളുടെ ചുറ്റുപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നത് സമൂഹത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വഴി തെളിക്കും. ജനസൗഹൃദമല്ലാത്ത സേനാംഗങ്ങള്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. അച്ചടക്കവും സ്വഭാവ മഹിമയും ഉളള പോലീസ് ഉദ്യോഗസ്ഥരെ ഭവന സന്ദര്‍ശനത്തിന് ഉപയോഗപ്പെടുത്തണം.

സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും ഓരോ പോലീസ് സ്റ്റേഷനിലും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തണം. പഞ്ചായത്തിലെ പ്രത്യേക സ്ഥലങ്ങളില്‍ മുന്‍കൂട്ടി പ്രചരണം നല്‍കി ദിവസവും സമയവും സ്ഥലവും നിശ്ചയിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളുടെ പരാതി കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം. സംസ്ഥാനത്തിന്റെ ജനമൈത്രി പോലീസ് രാജ്യത്ത് പല സംസ്ഥാനങ്ങളും മാതൃകയാക്കിയിട്ടുളളതാണ്. അതിന്റെ വിപുലീകരണമാണ് ഇപ്പോള്‍ നടക്കുന്നത് അദ്ദേഹം പറഞ്ഞു. ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി പോലീസുകാര്‍ കണ്ടെത്തിയ കടുക്കച്ചിറ സിബിയയ്ക്ക് വീട് നിര്‍മ്മിക്കുന്നതിനായി പോലീസുകാര്‍ അവരുടെ ശമ്പളത്തില്‍ നിന്ന് സമാഹരിച്ച തുകയും മുഖ്യമന്ത്രി കൈമാറി.

കെ. എം. മാണി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ദക്ഷിണ മേഖല പോലീസ് അസി. ഡയറക്ടര്‍ ജനറല്‍ ഡോ. ബി, സന്ധ്യ വിഷയാവതരണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി, ജില്ലാ പോലീസ് മേധാവി വി. എം. മുഹമ്മദ് റഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം