വിനോദ സഞ്ചാരികളില്‍ നിന്ന് അമിത ചാര്‍ജ്ജ് വാങ്ങരുത്: മുഖ്യമന്ത്രി

October 21, 2017 കേരളം

കോട്ടയം: കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്ന് അമിതമായ ചാര്‍ജ്ജ് ഈടാക്കരുതെന്നും എന്നാല്‍ വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്ത് നമ്മുടെ കേരളം പോലെ മനോഹരമായ സ്ഥലങ്ങള്‍ അപൂര്‍വ്വമാണ്. അതുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലഭ്യമായത്. ഇത് ഒരു ഖനിയാണ്. ദീര്‍ഘമായ കടലോരം, മലയോരം, നദികള്‍, ജലാശയങ്ങള്‍ എന്നിവ നമുക്ക് സ്വന്തം. നല്ല തോതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയാണ് ടൂറിസം. ശ്രദ്ധിച്ചാല്‍ വളരെയേറെ നേട്ടങ്ങള്‍ ഈ രംഗത്ത് നമുക്ക് നേടാന്‍ കഴിയും. നമ്മുടെ പൊതുവേയുളള ധാരണ വിനോദ സഞ്ചാരികള്‍ എല്ലാവരും വലിയ പണക്കാരാണ് എന്നതാണ്. ഈ വിചാരം ഒരു തെറ്റിദ്ധാരണയാണ്. ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടുകാര്‍ കേരളത്തിനകത്തും പുറത്തും വിദേശത്തും വിനോദത്തിനായി യാത്ര പോകുന്ന പതിവ് കൂടിയിട്ടുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴി യാത്ര പോകുന്നവരുടെ എണ്ണവും കൂടി. താമസം, ഭക്ഷണം, യാത്ര എല്ലാം ഇത്തരം ഏജന്‍സികള്‍ ഏര്‍പ്പാടാക്കാറുണ്ട്.

നമ്മള്‍ പണം സമ്പാദിച്ച് സമ്പാദ്യം ആക്കി സൂക്ഷിക്കുന്നു. വിദേശികള്‍ അധ്വാനിക്കുന്ന പണം കൂട്ടി വയ്ക്കാതെ വിനോദത്തിനും സഞ്ചാരത്തിനും ചെലവാക്കും. ടൂറിസ്റ്റുകള്‍ ഭൂരിപക്ഷവും സാധാരണക്കാരും ഇടത്തരക്കാരുമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ മനോഭാവം ഇവരെ പിഴിയുക എന്നതാണ്. താമസം, ഭക്ഷണം എന്നിവയ്ക്ക് അമിതമായ ചിലവു വരുന്നു. ഈ മനോഭാവം മാറി വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായ മിതത്വം പാലിക്കണം. വരുന്നവരെ ചൂഷണം ചെയ്യരുത്.

വൃത്തിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകരുത്. അയല്‍ സംസ്ഥാനങ്ങളിലെ ഗസ്റ്റ് ഹൗസുകളില്‍ ചെന്നാല്‍ ഇത് മനസ്സിലാക്കാം. പരിസരം ഉള്‍പ്പടെ വൃത്തിയുളളതായിരിക്കും. നമ്മുടെ ഗസ്റ്റ് ഹൗസുകള്‍ ശുചിയാക്കാന്‍ ആളുകള്‍ ഉണ്ടായിട്ടും വൃത്തിഹീനമായ അന്തരീക്ഷമാണ്. ഇതൊക്കെ ചെറിയ കാര്യമാണെങ്കിലും നാടിന്റെ മതിപ്പിന്റെ കാര്യത്തില്‍ വലിയ കാര്യമാണ്. ഇത് ടൂറിസ്റ്റുകള്‍ക്ക് നമ്മുടെ നാടിനെക്കുറിച്ച് മതിപ്പില്ലാത്താക്കാന്‍ കാരണമാകും. വൃത്തിയുളള അന്തരീക്ഷത്തില്‍ നിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്ക് വൃത്തിഹീനത വലിയ പ്രശ്‌നമാണ്. ഇക്കാര്യം എല്ലാവരും ഗൗരവമായി എടുക്കണം. ഇതിന് നേതൃത്വം നല്‍കാന്‍ ടൂറിസം വകുപ്പിനും കഴിയണം. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വിപണനത്തിന് സാധ്യതയുളള നാട്ടിലെ ഉല്‍പ്പന്നങ്ങളെല്ലാം ഉപയോഗിക്കണം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഉത്തരവാദിത്ത ടൂറിസം വളര്‍ത്തിയെടുക്കണം. വിനോദ സഞ്ചാരികളെ അതിഥികളായി കരുതി ടൂറിസ്റ്റ് സൗഹൃദ കേന്ദ്രമാക്കി മാറ്റണം. കുമരകം മോഡലില്‍ ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സംസ്ഥാന ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രേന്‍ അദ്ധ്യക്ഷത വഹിച്ചു. ലോകത്ത് ആദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ വാസികളെ ഒഴിവാക്കി ഒരു ടൂറിസം നയം ഈ സര്‍ക്കാരിനുണ്ടാവില്ല. അടുത്ത ആഴ്ച കേരളത്തിന്റെ ടൂറിസം നയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ജോസ് കെ മാണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം