തീവ്രവാദം: വിവരം കൈമാറാന്‍ ഇന്ത്യ- പാക്ക്‌ ഹോട്ട്‌ലൈന്‍ വരുന്നു

March 29, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: തീവ്രവാദ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പരസ്‌പരം കൈമാറുന്നതിനു ഇന്ത്യയ്‌ക്കും പാക്കിസ്‌ഥാനും ഇടയില്‍ ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആശയവിനിമയത്തിലുള്ള തെറ്റിദ്ധാരണകള്‍ നീങ്ങുന്നതിനു വേണ്ടിയാണു നടപടി. ഇന്ത്യ-പാക്ക്‌ ആഭ്യന്തര സെക്രട്ടറി തല ചര്‍ച്ചയ്‌ക്കു ശേഷമുള്ള സംയുക്‌ത വാര്‍ത്ത സമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. തീവ്രവാദി ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കൂട്ടായ നടപടിയെടുക്കും. സംജോത സ്‌ഫോടന കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ പാക്കിസ്‌ഥാനു കൈമാറും. മുംബൈ ഭീകരാക്രമണ കേസ്‌ അന്വേഷണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കമ്മിഷനെ പാക്കിസ്‌ഥാനിലെത്തി തെളിവെടുക്കുന്നതിനും തത്വത്തില്‍ ധാരണയായി. സന്ദര്‍ശ തീയതി ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പിന്നീടു പ്രഖ്യാപിക്കും. മുംബൈ ഭീകരാക്രമണ കേസിലെ വിചാരണ നടപടികള്‍ പരിശോധിക്കാന്‍ പാക്കിസ്‌ഥാനില്‍ നിന്നു ജുഡീഷ്യല്‍ കമ്മിഷന്‌ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാനും തീരുമാനിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷവും ഇന്ത്യയിലും പാക്കിസ്‌ഥാനിലും തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും മോചിപ്പിക്കാനും ഡല്‍ഹിയില്‍ രണ്ടു ദിവസമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം