അദ്വാനിയും മോഡിയും തമിഴ്നാട്ടില്‍ പ്രചാരത്തിനെത്തുന്നു

March 30, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കോയമ്പത്തൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി, നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്‌, നരേന്ദ്ര മോഡി തുടങ്ങിയവര്‍ രംഗത്തിറങ്ങും. മാര്‍ച്ച്‌ 31, ഏപ്രില്‍ ഒന്ന്‌ എന്നീ രണ്ട്‌ ദിവസങ്ങളിലായി പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ കോയമ്പത്തൂര്‍, തിരുപ്പൂര്‍ ജില്ലകളില്‍ പ്രചാരണം നടത്തും. ബിജെപി പ്രസിഡന്റ്‌ നിതിന്‍ ഗഡ്കരി ഏപ്രില്‍ ഏഴ്‌, എട്ട്‌ തീയതികളില്‍ ആസാമില്‍ പ്രചാരണം നടത്തും.
വെങ്കയ്യ നായിഡു ഏപ്രില്‍ ആറ്‌, ഏഴ്‌ തീയതികളിലാണ്‌ ആസാമില്‍ പ്രചാരണം നടത്തുക. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രചാരണ പരിപാടികള്‍ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും ഏപ്രില്‍ നാലിന്‌ അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ്‌ കരുതുന്നത്‌. മറ്റ്‌ നേതാക്കളുടെ പ്രചാരണ പരിപാടികള്‍ക്ക്‌ ശേഷമേ അദ്വാനിയുടെ സന്ദര്‍ശനം ഉണ്ടാവുകയുള്ളൂ. സഖ്യകക്ഷിയായ ജനതാ പാര്‍ട്ടിയുമായിച്ചേര്‍ന്നാണ്‌ ബിജെപി തമഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം