പാക്കിസ്ഥാനിലെത്തി അന്വേഷണം നടത്താന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന്‌ പാക്‌ അനുമതി

March 30, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച്‌ പാക്കിസ്ഥാനിലെത്തി അന്വേഷണം നടത്താന്‍ ഇന്ത്യന്‍ അന്വേഷണ സംഘത്തിന്‌ പാക്‌ അനുമതി. 26/11 ആക്രമണത്തിന്റെ ഉറവിടം തേടി പാക്കിസ്ഥാനിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഇന്ത്യയിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കത്തെ പാക്‌ നേതൃത്വം നേരത്തെ എതിര്‍ത്തിരുന്നു. ഇന്നലെ സമാപിച്ച ഇരു രാജ്യങ്ങളിലെയും ആഭ്യന്തര സെക്രട്ടറിതല യോഗത്തിലാണ്‌ പാക്കിസ്ഥാന്‍ ഇതിനുള്ള സന്നദ്ധത അറിയിച്ചത്‌. എല്ലാ വിധത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും നേരിടാനും ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനുമുള്ള പ്രതിബദ്ധത ഇരു കൂട്ടരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌.
യോഗം ഫലപ്രദമായിരുന്നുവെന്നും പരസ്പര വിശ്വാസത്തിലുണ്ടായ അപചയത്തിന്‌ ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള പറഞ്ഞു. മനുഷ്യ, മയക്കുമരുന്ന്‌ കടത്ത്‌, വിസാ നടപടിക്രമങ്ങള്‍, വ്യാജ കറന്‍സി, സൈബര്‍ കുറ്റങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ പരസ്പരം സഹകരിക്കും. മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്‌ ഇന്ത്യയില്‍നിന്ന്‌ വരുന്ന കമ്മീഷന്‌ പാക്കിസ്ഥാന്‍ അനുമതി നല്‍കും. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇതിനുവേണ്ട നടപടിക്രമങ്ങള്‍ തീരുമാനിക്കും. 26/11 ന്റെ വിചാരണയുമായി ബന്ധപ്പെട്ട്‌ പാക്കിസ്ഥാനില്‍നിന്ന്‌ വരുന്ന ജുഡീഷ്യല്‍ കമ്മീഷന്‌ അനുവദിക്കുന്ന തീയതികള്‍ 4-6 ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യ അറിയിക്കും. 26/11 ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പാക്കിസ്ഥാന്റെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയും തുടര്‍ന്നും സഹകരിക്കും. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാര്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദസാമ്പിളുകള്‍ ഇന്ത്യക്ക്‌ കൈമാറുന്നത്‌ തടഞ്ഞുകൊണ്ടുള്ള കീഴ്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അനുകൂല വിധി പ്രതീക്ഷിക്കുന്നതായും പാക്‌ ഉദ്യോഗസ്ഥര്‍ ഇന്ത്യയെ അറിയിച്ചു. ഭീകരാക്രമണ ഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇന്തോ-പാക്‌ ആഭ്യന്തര സെക്രട്ടറിമാര്‍ തമ്മില്‍ ഹോട്ട്ലൈന്‍ ബന്ധത്തിനും തീരുമാനമായി. അടുത്തവട്ടം ചര്‍ച്ചകള്‍ക്ക്‌ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ പാക്കിസ്ഥാന്‍ ക്ഷണിച്ചിട്ടുണ്ട്‌. ഇരു രാജ്യങ്ങളിലും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ എല്ലാ തടവുകാരെയും മീന്‍പിടുത്തക്കാരെയും ഏപ്രില്‍ 15 ന്‌ വിട്ടയക്കും. ഇരു രാജ്യങ്ങളുടെയും കസ്റ്റഡിയിലുള്ള എല്ലാ തടവുകാരുടെയും പൂര്‍ണ പട്ടിക ജൂലൈ 1 ന്‌ കൈമാറാനും തീരുമാനമായി.
ലഷ്കര്‍-തൊയ്ബ സ്ഥാപകന്‍ ഹാഫിസ്‌ സയീദിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍, അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെയും മറ്റു ചില കൊടും ഭീകരരുടെയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പാക്‌ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാനില്‍നിന്ന്‌ നേരിട്ട്‌ വിദേശനിക്ഷേപം സ്വീകരിക്കുന്ന കാര്യം ഭാവി യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സംഘത്തെ ഗോപാല്‍കൃഷ്ണ പിള്ളയും പാക്‌ ഭാഗത്തെ ആഭ്യന്തരസെക്രട്ടറി ഖമര്‍ സമാന്‍ ചൗധരിയും അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം