ജപ്പാനില്‍ റേഡിയോ ആക്‌ടീവ്‌ അയഡിന്റെ തോത്‌ 3,355 മടങ്ങായി വര്‍ദ്ധിച്ചു

March 30, 2011 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്കിയോ: ജപ്പാനില്‍ സൂനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തിനടുത്തു സമുദ്ര ജലത്തില്‍ റേഡിയോ ആക്‌ടീവ്‌ അയഡിന്റെ സാന്നിധ്യം അനുവദനീയ പരിധിയെക്കാള്‍ 3,355 മടങ്ങായി. ഞായറാഴ്‌ച ഇത്‌ 1,850 മടങ്ങും ശനിയാഴ്‌ച 1,250 മടങ്ങായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്‌ഥയില്‍ സമുദ്രത്തിലെ ജീവജാലങ്ങള്‍ക്ക്‌ ഭീഷണിയില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.
അതേസമയം, ഫുകുഷിമ ആണവനിലയ പ്രദേശത്തെ മണ്ണില്‍ കാന്‍സറിനു കാരണമാകുന്ന പ്ലൂട്ടോണിയം കണ്ടെത്തി. റിയാക്‌ടറുകളില്‍ ആണവപ്രവര്‍ത്തനത്തിന്റെ ഉപോല്‍പന്നമായ പ്ലൂട്ടോണിയം ലോകത്തിലെ ഏറ്റവും മാരകമായ വസ്‌തുക്കളിലൊന്നാണ്‌. ബോംബ്‌ നിര്‍മാണത്തിനും ഉപയോഗിക്കുന്ന പ്ലൂട്ടോണിയം മറ്റെല്ലാ റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കളെക്കാളും അപകടകാരിയാണ്‌. ഇതിതെത്തുടര്‍ന്ന്‌, റിയാക്‌ടറുകള്‍ തണുപ്പിച്ച്‌, വന്‍ ആണവ ദുരന്തത്തില്‍നിന്ന്‌ രാജ്യത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ജോലിക്കാരെ താല്‍ക്കാലികമായി പിന്‍വലിച്ചു.
ഈ മാസം 11-നുണ്ടായ ഭൂകമ്പത്തിലും സൂനാമിയിലും ജപ്പാന്‍ നേരിട്ട നഷ്‌ടം 30,000 കോടി ഡോളര്‍ (13.5 ലക്ഷം കോടി രൂപ) ആണെന്നാണു നിഗമനം. ലോകത്തെ ഏറ്റവും നഷ്‌ടമേറിയ ദുരന്തങ്ങളിലൊന്നുമാണിത്‌. ദുരന്തത്തിന്റെ നഷ്‌ടവും പുനര്‍നിര്‍മാണ നടപടികളും കണക്കാക്കി ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തേണ്ടി വരുമെന്നു പ്രധാനമന്ത്രി സൂചിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍